യുക്രൈന്‍ വിമാനം ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ച് വീഴ്ത്തിയത്; യു.എസ്, കാനഡ,യു.കെ

വാഷിങ്ടണ്‍: ടെഹ്റാനില്‍നിന്ന് 176 പേരുമായി പുറപ്പെട്ട യുക്രൈന്‍ വിമാനം ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ച് വീഴ്ത്തിയതാണെന്ന് ആരോപിച്ച് യുഎസിന് പുറമേ കാനഡയും യു.കെയും. ഇറാനാണ് യുക്രൈന്‍ വിമാനത്തിന് മേല്‍ മിസൈല്‍ പതിച്ചതെന്ന് സാധൂകരിക്കുന്ന നിരവധി രഹസ്യ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

“ഇത് മനഃപൂര്‍വ്വമായിരിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നിരുന്നാലും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും കനേഡിയന്‍ ജനതക്കും തനിക്കും ഇക്കാര്യത്തില്‍ ഉത്തരം ലഭിക്കേണ്ടതുണ്ട്’ ട്രൂഡോ പറഞ്ഞു.

ട്രൂഡോയുടെ പ്രസ്താവനക്ക് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രംഗത്തെത്തി. അപകടത്തില്‍ അസ്വാഭാവികതയുണ്ടെന്നും അതേ സമയം തന്നെ മനഃപുര്‍വ്വമായിരിക്കാന്‍ സാധ്യതിയില്ലെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

വിമാനം ഇറാന്‍ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് യുഎസ് വൃത്തങ്ങളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രണ്ട് മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്നും രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, വിമാനത്താവളത്തിലേക്ക് തിരിച്ചുപറക്കുമ്പോഴാണ് വിമാനം തകര്‍ന്നതെന്നാണ് ഇറാന്‍ അന്വേഷകര്‍ പറയുന്നത്. അതേസമയം ഇറാഖിലെ യു.എസ്. സൈനികത്താവളങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി മണിക്കൂറുകള്‍ക്കകം ഉണ്ടായ അപകടത്തെച്ചൊല്ലി ഇനിയും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. അതിനിടയിലാണ് അമേരിക്കന്‍ രഹസ്യവൃത്തങ്ങളെ കൂടാതെ കാനഡയും യു.കെയും. വിമാനത്തെ തകര്‍ത്തതാണെന്ന് പറയുന്നത്.

ടെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 176പേരും മരിച്ചിരുന്നു. 82 ഇറാന്‍കാരും 63 കാനേഡിയന്‍ സ്വദേശികളും വിമാനത്തിലുണ്ടായിരുന്നു.

Top