യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇസ്രായേലിലേക്ക്

തെല്‍അവീവ്: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് പിന്നാലെ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും ഇസ്രായേല്‍ സന്ദര്‍ശനത്തിനെത്തുന്നു. ഈ ആഴ്ച അവസാനമാണ് സന്ദര്‍ശനം. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഫില്‍ ഗോര്‍ഡന്‍ എന്നിവരുള്‍പ്പെടെ നിരവധി ഉന്നതതല വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ അടുത്തിടെ ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു.

സിവിലിയന്മാരെ കൊല്ലാതെ നോക്കണമെന്ന് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കന്‍ ഇസ്രായേലിനോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതേ ബ്ലിങ്കന്‍ തന്നെ 10.6 കോടി ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങള്‍ ഇസ്രായേലിന് കൈമാറാന്‍ വെള്ളിയാഴ്ച അനുമതി നല്‍കി. ”ഉടന്‍ കൈമാറേണ്ട അടിയന്തര സാഹചര്യം നിലനില്‍ക്കുന്നു” എന്നായിരുന്നു ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം.
ഗസ്സയിലേക്ക് കൂടുതല്‍ മാനുഷിക സഹായം അനുവദിക്കാന്‍ ജെയ്ക് സള്ളിവന്‍ ഇടപെടുമെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. സാധാരണ പൗരന്‍മാര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ യു.എസിന്റെ ആശങ്ക അദ്ദേഹം അറിയിക്കുമെന്നും റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ഗസ്സ വിഷയത്തില്‍ അമേരിക്ക തുടരുന്ന ഇരട്ടത്താപ്പ് ലോകവ്യാപക വിമര്‍ശനം ക്ഷണിച്ചുവരുത്തുകയാണ്. മാനുഷിക സഹായം എത്തിക്കാനും സിവിലിയന്‍ സുരക്ഷ ശ്രദ്ധിക്കാനും സമ്മര്‍ദം ചെലുത്തുമെന്ന് പറയുന്ന അമേരിക്കയാണ് കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കാന്‍ ഇസ്രായേലിന് ആയുധം വിതരണം ചെയ്യുന്നത്. വെടിനിര്‍ത്തലിനെതിരെ വീറ്റോ പ്രയോഗിച്ചതും ഈ ഇരട്ടത്താപ്പിന്റെ ഭാഗമാണ്.

Top