ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയക്ക് പിന്തുണയുമായി അമേരിക്കയുടെ നാസയും

ബെംഗളൂരു: ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്ത്. ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്കൊപ്പം ചന്ദ്രയാന്‍ പേടകത്തിന്റെ ആരോഗ്യ നിലയും സഞ്ചാരവും നാസ സദാ നിരീക്ഷിച്ചു വരുകയാണ്. ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യ-അമേരിക്ക സഹകരണത്തിന് ധാരണയായത് ജൂണിലായിരുന്നു. വാഷിംഗ്ടണില്‍ നടന്ന മോദി-ബൈഡന്‍ കൂടിക്കാഴ്ച്ചയില്‍ ആയിരുന്നു ഈ സുപ്രധാന തീരുമാനം ഉണ്ടായത്.

പേടകത്തിന്റെ അപ്‌ഡേഷനുകള്‍ ബാംഗ്ലൂരിലെ മിഷന്‍ ഓപ്പറേഷന്‍ സെന്ററിലേക്ക് കൈമാറുന്നത് നാസയില്‍ നിന്നാണ്. ഭ്രമണപഥത്തിലെ ഉപഗ്രഹ സഞ്ചാരം യൂറോപ്യന്‍ സ്‌പെയിസ് ഏജന്‍സിയുടെ എക്‌സ്ട്രാക്ക് നെറ്റ് വര്‍ക്കിന്റെ ഗ്രൗണ്ട് സ്റ്റേഷന്റെ സഹായത്തോടെയാണ് നീരീക്ഷിക്കുന്നത്. ലോകം മുഴുവന്‍ കാത്തിരിക്കുന്ന ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നാളെ വൈകിട്ട് 6.04നാണ് നടക്കുക. വൈകിട്ട് 5.30 മുതല്‍ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തില്‍ ഐഎസ്ആര്‍ഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഭ്രമണപഥം താഴ്ത്തലും കഴിഞ്ഞ് 25 കിലോമീറ്റര്‍ അകലത്തില്‍ മാത്രമാണ് ലാല്‍ഡന്‍ നില്‍ക്കുന്നത്.

ചന്ദ്രയാന്‍ 2ലെ ചെറിയ പിശകുകളും വെലോസിറ്റിയിലെ പ്രശ്‌നങ്ങളും ഒക്കെ പരിഹരിച്ചാണ് ഇത്തവണത്തെ ഐഎസ്ആര്‍ഒയുടെ നീക്കം. സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം ചന്ദ്രയാന്‍ പേടകം വഹിച്ചുകൊണ്ടുള്ള റോവര്‍ ചന്ദ്രന്റെ ഉപരി തലത്തില്‍ ഇറങ്ങും. അതിന് ശേഷം 14 ദിവസമാണ് പഠനം നടത്തുക.

Top