ഉക്രൈയിന് അമേരിക്കൻ മിസൈലുകൾ, ചാമ്പലാക്കാനുള്ള കോപത്തിൽ റഷ്യ !

ലോകത്തിന്റെ ‘കാലനാണ് ‘ അമേരിക്ക, ഈ ഭൂമിയെ തന്നെ ഇല്ലാതാക്കുന്ന വൻ ദുരന്തത്തിനാണ് ഈ രാജ്യം ഇപ്പോൾ വിത്തു പാകിയിരിക്കുന്നത്. ഉക്രൈന് വൻ പ്രഹര ശേഷിയുള്ള ദീർഘദൂര മിസൈലുകളാണ് അമേരിക്ക നൽകുന്നത്. ഇക്കാര്യം അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ നേരിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 70 കോടി ഡോളറിന്റെ, അതായത് ഏകദേശം 5,421 കോടി രൂപയുടെ സൈനികസഹായത്തിന്റെ ഭാഗമായാണ്‌ അത്യാധുനിക ഉപകരണങ്ങളുടെ കൈമാറ്റം. ഉക്രൈനിലെ റഷ്യയുടെ സൈനിക നടപടിക്ക്‌ വെള്ളിയാഴ്‌ച നൂറുദിവസം തികയവേ അമേരിക്ക നടത്തിയ ഈ നീക്കത്തെ ‘എരിതീയിൽ എണ്ണപകരുന്നതിനോടാണ് ‘ നയതന്ത്ര വിദഗ്ദരും വിലയിരുത്തുന്നത്.

റഷ്യയുടെ കോപം ഏതു രൂപത്തിൽ പ്രകടമാകുമെന്ന കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്കുൾപ്പെടെ കടുത്ത ആശങ്കയാണുള്ളത്. ഇതിനിടെ, അമേരിക്ക സൈബർ കമാൻഡ് സ്പെഷ്യലിസ്റ്റുകളെ ഉക്രൈയ്നിലേക്ക് വിന്യസിക്കുകയും റഷ്യക്കെതിരെ ആക്രമണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതായി പ്രധാന കമാൻഡറും എൻഎസ്എ ഡയറക്ടർ ജനറലുമായ പോൾ നകാസോണും വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു സൈബർ കോൺഫറൻസിനിടെ അന്താരാഷ്ട്ര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കോർപ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ അമേരിക്ക ‘വാർത്താ യുദ്ധം’ നടത്താറുണ്ടെന്ന അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലും എൻ.എസ്.എ ഡയറക്ടർ നടത്തിയിട്ടുണ്ട്.

 

ഫോർ-സ്റ്റാർ ജനറലായ നകാസോണാണ് അമേരിക്കൻ സൈബർ കമാൻഡന്റിനേയും ദേശീയ സുരക്ഷാ ഏജൻസിയെയും നിയന്ത്രിക്കുന്നത്. നാറ്റോ ആതിഥേയത്വം വഹിക്കുന്ന സൈബർ സംഘർഷത്തെക്കുറിച്ചുള്ള 14-ാമത് അന്താരാഷ്ട്ര സമ്മേളനമായ ‘സൈകോണിൽ’ പങ്കെടുത്ത ശേഷമാണ് അദ്ദേഹം വിവാദ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇതും റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്.

ഉക്രെയിൻ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിടുന്ന വാർത്തകളുടെ വിശ്വാസ്യത കൂടിയാണിപ്പോൾ എൻ.എസ്.എ ഡയറക്ടർ തന്നെ ചോദ്യം ചെയ്തിരിക്കുന്നത്. റഷ്യക്കെതിരെ ഏകപക്ഷീയമായ വാർത്തകളാണ് അമേരിക്കൻ ചേരിയിലെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നത്. ഉക്രൈയിൻ നൽകുന്ന വിവരങ്ങളാണ് ‘യാഥാർത്ഥ്യം’ എന്ന നിലയിൽ ഇപ്പോഴും റിപ്പോർട്ടിങ്ങ് നടക്കുന്നത്. ലോക മാധ്യമ ശൃംഖലയെ നിയന്ത്രിക്കുന്നത് തന്നെ അമേരിക്കൻ ചേരി ആയതിനാൽ ഇന്ത്യ പോലുള്ള മറ്റു രാജ്യങ്ങളിലെ മാധ്യമങ്ങൾ പോലും ഈ വാർത്തകൾ വിശ്വസിച്ചാണ് റിപ്പോർട്ട് ചെയ്യുന്നത്. റഷ്യക്കെതിരെ ലോക ജനതയിൽ പ്രതിഷേധം സൃഷ്ടിക്കുന്നതിനും കൂടുതൽ രാജ്യങ്ങളെ റഷ്യക്ക് എതിരാക്കുന്നതിനും വേണ്ടി നടന്ന ആസൂത്രിത നീക്കമാണിത്. ഉക്രൈയിനെ മുൻ നിർത്തി റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നത് അമേരിക്കയാണെന്ന വാദത്തെ സാധൂകരിക്കുന്ന വെളിപ്പെടുത്തലും നടപടികളുമാണ് ഇപ്പോൾ സംഭവിച്ചികൊണ്ടിരിക്കുന്നത്. അത് അമേരിക്കൻ പ്രസിഡന്റിന്റെയും എൻ.എസ്.എ ഡയറക്ടറുടെയും വാക്കുകളിൽ നിന്നും വ്യക്തവുമാണ്. “അറിഞ്ഞതല്ല, അതിനും അപ്പുറമാണ് ” യാഥാർത്ഥ്യമെന്നത്, ലോകത്തിനു തിരിച്ചറിയാനുള്ള അവസരമാണിത്.

റഷ്യൻ അതിർത്തിക്കുള്ളിലെ ലക്ഷ്യങ്ങൾ ആക്രമിക്കാൻ യുഎസ് വിതരണം ചെയ്യുന്ന റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിക്കില്ലെന്ന് ഉക്രൈയിൻ അമേരിക്കക്ക് ഉറപ്പ് നൽകിയതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ അവകാശപ്പെടുന്നുണ്ടെങ്കിലും അവർ നടത്തിയ നീക്കം പ്രകോപനകരം തന്നെയാണ്. അമേരിക്കൻ ആയുധങ്ങൾ ഉക്രൈയിനിൽ എത്തിക്കുന്നത് സംഘർഷം കൂടുതൽ വഷളാക്കുമെന്നാതാണ് റഷ്യയുടെ മുന്നറിയിപ്പ്. അവരിപ്പോൾ മോസ്‌കോയുടെ വടക്കുകിഴക്കൻ പ്രവിശ്യയിൽ ആണവ ‘അഭ്യാസവും’ ആരംഭിച്ചു കഴിഞ്ഞു. റഷ്യൻ പ്രതിരോധ മന്ത്രാലയം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വൻ നാശം വിതയ്ക്കാൻ ശേഷിയുള്ള ‘അത്യാധുനിക ആയുധം’ റഷ്യ പരീക്ഷിച്ചതായി മുതിർന്ന സൈനിക വക്താവും വെളിപ്പെടുത്തിയിട്ടുണ്ട്. ഉക്രൈയിനിലെ സൈനിക നടപടിയും റഷ്യ ശക്തമാക്കിയിട്ടുണ്ട്.

നഗരങ്ങളും ഗ്രാമങ്ങളും ഒരു പോലെ കീഴടക്കിയാണ് റഷ്യൻ സേന മുന്നേറുന്നത്. യുദ്ധം തുടങ്ങി 100 ദിവസം പിന്നിടുമ്പോഴും വൻ നശീകരണ ശേഷിയുള്ള ഒരു ആയുധം പോലും റഷ്യ ഉക്രൈയിനു നേരെ പ്രയോഗിച്ചിട്ടില്ല. എന്നാൽ, പ്രഹര ശേഷിയുള്ള ആയുധങ്ങൾ അമേരിക്ക ഉക്രൈയിനിനു കൈമാറുന്ന സാഹചര്യത്തിൽ മുൻ നിലപാട് റഷ്യ പുനപരിശോധിക്കാനാണ് സാധ്യത. നിമിഷ നേരം കൊണ്ട്, അമേരിക്കയെ തന്നെ ചാമ്പലാക്കാനുള്ള ആണവ മിസൈലുകൾ റഷ്യയുടെ പക്കലുണ്ട്. ഇതിൽ ‘സാത്താൻ’ ഏറെ അപകടകാരിയാണ്. ലോകത്തിലെ തന്നെ ഏറ്റവും നശീകരണ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലെന്നാണ് ‘സാത്താൻ’ അറിയപ്പെടുന്നത്. രാജ്യത്തിന്റെ ശത്രുക്കളെ ചിന്തിപ്പിക്കുന്ന ആയുധമാണ് ഇതെന്നാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നത്. ഇതു അവഗണിച്ചാണിപ്പോൾ ഉക്രൈയിന് കൂടുതൽ ആയുധങ്ങൾ നൽകി അമേരിക്ക വീണ്ടും പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതിനു മറുപടിയായി റഷ്യ ആണവ അഭ്യാസം കൂടി ആരംഭിച്ചതോടെ ലോകം വലിയ ഭീതിയിലാണ് ഉള്ളത്.

പുടിന്റെ സൈന്യം പേടിപ്പിക്കാൻ അഭ്യാസം നടത്താറില്ല. അതവർ നടത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും ആക്രമിച്ചിരിക്കും. അതാണ് ചരിത്രവും. ഉക്രെയിനിലെ സൈനിക നടപടിക്ക് മുൻപും റഷ്യ സൈനിക അഭ്യാസം നടത്തിയിരുന്നു. ഇപ്പോൾ അവർ ആണവ അഭ്യാസത്തിലേക്ക് തിരിഞ്ഞെങ്കിൽ ലക്ഷ്യം ഒരിക്കലും ഉക്രെയിനായിരിക്കില്ല. അമേരിക്കയും നാറ്റോ സഖ്യകക്ഷികളും തന്നെ ആയിരിക്കും ലക്ഷ്യം. അക്കാര്യവും ഉറപ്പാണ്.

 

EXPRESS KERALA VIEW

Top