ന്യൂക്ലിയര്‍ സാങ്കേതിക വിദ്യ; ചൈനയ്ക്കുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി അമേരിക്ക

വാഷിംഗ്ടണ്‍: ചൈനയിലേയ്ക്കുള്ള ന്യൂക്ലിയര്‍ സാങ്കേതിക വിദ്യയുടെ കയറ്റുമതി നിരോധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിവിലിയന്‍ ന്യൂക്ലിയര്‍ സാങ്കേതിക വിദ്യ ചൈന മറ്റ് പല ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ ഈ തീരുമാനം. ചൈനീസ് അന്തര്‍ വാഹിനികളിലും ഒഴുകി നടക്കുന്ന പവ്വര്‍ പ്ലാന്റുകളിലും മറ്റും ഇത്തരം സാങ്കേതിക വിദ്യ ചൈന ഉപയോഗിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ കണ്ടെത്തല്‍.

ജനറല്‍ ഇലക്ട്രിക്കില്‍ നിന്ന് ചൈനീസ് ഇന്റലിജന്‍സ് ഓഫീസര്‍ വിവരങ്ങള്‍ ചോര്‍ത്തി എന്ന യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന്റെ പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെയാണ് അമേരിക്കയുടെ പുതിയ ഉപരോധം. ജറ്റ് എഞ്ചിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാണ് ജനറല്‍ ഇലക്ട്രിക്‌സ്.

അമേരിക്ക-ചൈന സഹകരണ ധാരണകള്‍ക്ക് പുറത്തു നില്‍ക്കുന്ന സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ വിട്ടു വീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. യുഎസ് കമ്പനികളില്‍ നിന്ന് ചൈന ആണവായുധങ്ങളും സാങ്കേതിക വിദ്യയും വാങ്ങുന്ന സാഹചര്യത്തില്‍ ദേശീയ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയാണ് അമേരിക്ക.

പുതിയ നയങ്ങള്‍ അനുസരിച്ച് ചൈന ജനറല്‍ ന്യൂക്ലിയര്‍ പവ്വര്‍ ഗ്രൂപ്പിന്റെ പുതിയ ലൈസന്‍സ് അപേക്ഷകള്‍ സ്വീകരിക്കില്ല. ചൈന-യുഎസ് സാങ്കേതിക വിദ്യ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നതാണ് അമേരിക്കയുടെ പ്രധാന പ്രശ്‌നം. അന്തര്‍വാഹിനികളും യുദ്ധവിമാന കാരിയറുകളും നിര്‍മ്മിക്കുന്നത് ദക്ഷിണ ചൈനാക്കടലില്‍ വലിയ മുന്നേറ്റം നടത്താന്‍ ഇവരെ സഹായിക്കും. മനുഷ്യ നിര്‍മ്മിത ദ്വീപുകളില്‍ ന്യൂക്ലിയര്‍ ആയുധങ്ങള്‍ ചൈന പരീക്ഷിക്കുന്നുണ്ടെന്നും അമേരിക്ക ആരോപിച്ചു.

2017ല്‍ 17-0 മില്യണ്‍ ഡോളറിന്റെ ന്യൂക്ലിയര്‍ സാങ്കേതിക വിദ്യയാണ് ചൈന അമേരിക്കയില്‍ നിന്നും വാങ്ങിയത്. അമേരിക്കയുടെ പുതിയ നയങ്ങള്‍ സാമ്പത്തികമായും സുരക്ഷയുടെ കാര്യത്തിലും അമേരിക്കയ്ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് അധിക നികുതി ഈടാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Top