ട്രംപിന് വീണ്ടും തിരിച്ചടി, യാത്രാവിലക്ക് നടപ്പാക്കുന്നത് തടഞ്ഞ് കോടതി

വാഷിംഗ്ടണ്‍: എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞ് കോടതി.

ഹവായ് ജില്ലാ ജഡ്ജി ഡെറിക് വാട്‌സണാണ് ഉത്തരവ് നടപ്പിലാക്കുന്നത് തടഞ്ഞത്. സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

ഇറാന്‍, ലിബിയ, സിറിയ, യെമന്‍, സൊമാലിയ, ഛാഡ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യുഎസില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നേരത്തെ കോടതി ഇടപെടലിനെ തുടര്‍ന്ന് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത് ട്രംപിന് കനത്ത തിരിച്ചടിയായി.

വിവിധ സംസ്ഥാനകോടതികള്‍ യാത്രാവിലക്ക് നടപ്പാക്കരുതെന്ന് ഉത്തരവിട്ടിരുന്നു. ജനുവരിയിലാണ് ആദ്യ യാത്രവിലക്ക് പ്രഖ്യാപിച്ചത്. പിന്നീട് മാര്‍ച്ചില്‍ ഇത് പുതുക്കി പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. ഇനി ഉത്തരവ് നടപ്പിലാക്കണമെങ്കില്‍ ട്രംപ് ഭരണകൂടത്തിന് വീണ്ടും സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും.

Top