യുഎസ് ഭരണസ്തംഭനം; പ്രതിസന്ധി അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

വാഷിങ്ടണ്‍: ഭരണസ്തംഭനം അവസാനിപ്പിക്കാന്‍ ചര്‍ച്ചക്കു തയാറെന്ന് ഡോണാള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പണിയുന്ന മതിലിന് ഫണ്ട് പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യു.എസില്‍ ഉടലെടുത്ത ഭരണപ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചക്കു തയാറാണെന്ന് ട്രംപ് അറിയിച്ചു.

ഡെമോക്രാറ്റിക് നേതാക്കളായ നാന്‍സി പെലോസിയും ചുക് ഷൂമറും കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് ചര്‍ച്ചയക്ക് വന്നാല്‍ പ്രതിസന്ധി എളുപ്പം പരിഹരിക്കാനാവുമെന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഡെമോക്രാറ്റിക് പ്രതിനിധികളുടെ പിടിപ്പുകേടാണ് ഭരണസ്തംഭനത്തിലേക്കു നയിച്ചതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു ട്രംപ് ഈ പരാമര്‍ശത്തിലൂടെ.

ഡെമോക്രാറ്റ് നേതാക്കള്‍ ചര്‍ച്ചക്കു തയാറാണോ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. രാഷ്ട്രസുരക്ഷക്ക് അനിവാര്യമായ മതില്‍ നിര്‍മാണത്തിന് ഡെമോക്രാറ്റുകള്‍ തടസ്സം നില്‍ക്കുന്നതാണ് പ്രതിസന്ധിക്കു കാരണമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍നിര്‍മിക്കുമെന്ന നിലപാടില്‍ നിന്നും ഒട്ടും തന്നെ പിന്നോട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.

Top