അമേരിക്ക ഇറാന്‍ ബന്ധം രൂക്ഷം; ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി

ഇറാന്‍: അമേരിക്ക-ഇറാന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു. ഇറാനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ യാതൊരു വിധ ചര്‍ച്ചക്കും ഇനി പ്രസക്തിയില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി.

ആണവ കരാറില്‍ നിന്ന് പിന്തിരിഞ്ഞതിന് ശേഷം അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ന് ആരംഭിക്കുകയാണ്. ഇതിന് തൊട്ടുമുന്‍പായാണ് അമേരിക്കയെ വിമര്‍ശിച്ച് റൂഹാനി രംഗത്തെത്തിയത്. വിശ്വാസമില്ലാത്തവരുമായി ബന്ധം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചു.

വിശ്വാസത്തിനാണ് ഇറാന്‍ പ്രധാന്യം നല്‍കുന്നത്. അതുണ്ടാകുന്ന പക്ഷം ചര്‍ച്ചക്ക് തയ്യാറാണെന്നും റൂഹാനി അറിയിച്ചു. പക്ഷെ തങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് ഒരു ചര്‍ച്ചക്കും ഒരുക്കമല്ലെന്നും റൂഹാനി വ്യക്തമാക്കി. സാമ്പത്തികമായി ഇറാനെ തകര്‍ക്കുന്ന രീതിയിലേക്കുള്ള നടപടിക്കാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ടത്. കടുത്ത സമ്മര്‍ദ്ദം ഇതിലൂടെ ഇറാന് മേല്‍ ചുമത്തി പുതിയ ആണവകരാറിലേക്ക് എത്തിക്കുകയായിരുന്നു ട്രംപിന്റെ ലക്ഷ്യങ്ങളിലൊന്ന്.

ഇറാന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസായ എണ്ണ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ഉപരോധം കൊണ്ടുവരികയാണ് അമേരിക്കയുടെ അടുത്ത ശ്രമം. നവംബര്‍ 5 മുതലാണ് രണ്ടാംഘട്ടം ആരംഭിക്കുന്നത്.

Top