അമേരിക്ക-ഇറാന്‍ സംഘര്‍ഷം; ആഭ്യന്തര സുരക്ഷ ശക്തമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനി വധത്തിനു പിന്നാലെ ഇറാന്‍ -അമേരിക്ക സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ കുവൈത്ത് ആഭ്യന്തര സുരക്ഷ ശക്തമാക്കി.

ഏത് സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കര, വ്യോമ അതിര്‍ത്തികളിലും കടലിലും കുവൈത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കുവൈത്തിലെ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

അതേസമയം, നിലവില്‍ കുവൈത്തില്‍ സ്ഥിതി ശാന്തമാണ്. പൊതുവായ കരുതലിന്റെ ഭാഗമായാണ് വിവിധ തലങ്ങളില്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇറാഖ് അതിര്‍ത്തിയില്‍ സൈന്യം ജാഗ്രതയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇറാഖിലുള്ള കുവൈത്ത് പൗരന്മാരോട് ആള്‍ക്കൂട്ടത്തില്‍നിന്നും പൊതുനിരത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘര്‍ഷ സാഹചര്യത്തില്‍ അയല്‍ രാജ്യമായ കുവൈത്തിലേക്ക് അമേരിക്ക കൂടുതല്‍ സായുധ സൈന്യത്തെ അയക്കും. 4000ത്തോളം അധിക സേനയെ തല്‍ക്കാലം അയക്കാനാണ് തീരുമാനം. കൂടുതല്‍ പേരെ ആവശ്യമാണെങ്കില്‍ പിന്നീട് അയക്കും. ഇറാഖില്‍ ഇപ്പോള്‍ 5000 അമേരിക്കന്‍ സൈനികരുണ്ട്. ഇവര്‍ ഉള്‍പ്പെടെ 60000 സൈനികരെയാണ് അമേരിക്ക പശ്ചിമേഷ്യയില്‍ വിന്യസിച്ചിട്ടുള്ളത്.

Top