തെരഞ്ഞെടുപ്പിന് മുൻപ് സംഘര്‍ഷമോ. . ? മുന്നറിയിപ്പ് ഗൗരവമായി കാണുമ്പോൾ . . .

രാജ്യത്തെ ജനങ്ങള്‍ ഏറെ ജാഗ്രത പാലിക്കേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. മെയില്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നിലനില്‍പ്പിനു തന്നെ നിര്‍ണ്ണായകമാണ്.

അധികാരം നിലനിര്‍ത്താനും പിടിച്ചെടുക്കാനും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഏതറ്റം വരെ പോകുമെന്ന അഭ്യൂഹം നിലനില്‍ക്കെ ഏറെ ആശങ്ക പടര്‍ത്തുന്ന പ്രതികരണമാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

തീവ്രഹിന്ദു വികാരം ഇളക്കിവിടാന്‍ ബി.ജെ.പി ശ്രമിക്കുമെന്നും അനുയായികളെ പ്രകോപിപ്പിച്ച് താഴേത്തട്ടില്‍ നിന്നും ആക്രമണമുണ്ടാക്കാന്‍ നീക്കമുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. 2019 ല്‍ ലോകം നേരിടുന്ന ഭീഷണികള്‍ സംബന്ധിച്ചുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ഞെട്ടിക്കുന്ന ഈ പ്രതികരണം.

വര്‍ധിച്ചു വരുന്ന ആക്രമണ സംഭവങ്ങള്‍ ഇന്ത്യന്‍ മുസ്ലീമുകളെ ആശങ്കപ്പെടുത്തുകയും ഇത് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സ്വാധീനം ഉറപ്പിക്കാന്‍ അവസരം നല്‍കുവാന്‍ ഇടയാക്കുമെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ കൂടിയായ ഡാന്‍ കോട്ട്‌സ് ചൂണ്ടിക്കാട്ടുന്നു.

2019 മെയ് വരെ ഇന്ത്യ – പാക്ക് ബന്ധം വളരെ അസ്വസ്ഥമായിരിക്കുമെന്നും അതിര്‍ത്തി കടന്നുള്ള തീവ്രവാദം നിയന്ത്രണരേഖ കടന്നുള്ള വെടിവയ്പ് എന്നിവ പൊതു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തില്‍ സി.ഐ.എ ഡയറക്ടര്‍ ജിന ഹാസ്പലും എഫ്.ബി.ഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ, പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ റോബര്‍ട്ട് അഷ്‌ലി എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്.

അതിര്‍ത്തി കടന്ന് ഭീകര ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഒത്താശ ചെയ്താല്‍ ഉടന്‍ തന്നെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന നിഗമനത്തിലാണ് അമേരിക്ക. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എന്ത് കടുത്ത നടപടികള്‍ സ്വീകരിക്കാനും മോദി സര്‍ക്കാര്‍ തയ്യാറാവുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക് കൂട്ടല്‍. അതിര്‍ത്തി കടന്ന് പാക് ഭീകര കേന്ദ്രങ്ങളില്‍ വ്യാപകമായ ആക്രമണം തന്നെ നടന്നേക്കുമെന്നും അത് ലോകത്ത് പുതിയൊരു പ്രതിസന്ധിക്ക് തന്നെ കാരണമാകുമെന്നും അമേരിക്ക കണക്കുകൂട്ടുന്നു.

ഈ സാഹചര്യം മുന്‍നിര്‍ത്തി ഏഷ്യന്‍ മേഖലയില്‍ അമേരിക്കന്‍ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ചൈനയുമായി വാണിജ്യ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കയെ സംബന്ധിച്ച് ഇന്ത്യയുടെ പിന്തുണ അനിവാര്യമാണ്. മേഖല കൈവിട്ട് പോകുന്ന സാഹചര്യം അമേരിക്ക ഇഷ്ടപ്പെടുന്നില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ പോലും അമേരിക്കക്ക് അജണ്ടകളുണ്ട്. അത് മുന്‍പ് വ്യക്തമാക്കപ്പെട്ടിട്ടുള്ളതുമാണ്.

ഇ.എം.എസിന്റെ നേതൃത്വത്തില്‍ ആദ്യമായി കേരളത്തില്‍ ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാറിനെ പുറത്താക്കാന്‍ സി.ഐ.എയുടെ ഇടപെടലുകള്‍ ശക്തമായിരുന്നു.

അതീവ രഹസ്യമായി ലോകത്തെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ഐ.എ ഇടപെടല്‍ മൂലം നിരവധി രാജ്യങ്ങളില്‍ ആഭ്യന്തര സംഘര്‍ഷങ്ങളും പൊട്ടി പുറപ്പെട്ടിട്ടുണ്ട്.

2019ല്‍ ഇടതുപക്ഷം പിന്തുണക്കുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വരരുത് എന്നതും അമേരിക്കന്‍ അജണ്ടയാണ്.

എല്ലാ ആക്രമണങ്ങള്‍ക്ക് പിന്നിലും ഒരു അജണ്ട ഉണ്ട് എന്നതിനാല്‍ അമേരിക്കന്‍ മുന്നറിയിപ്പിനെ ഗൗരവമായിത്തന്നെയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും കാണുന്നത്.

തീവ്രവാദ ഗ്രൂപ്പായ ഐ.എസിലേക്ക് രാജ്യത്ത് നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നടക്കം ആളുകള്‍ പോകുന്നത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ മുന്നറിയിപ്പിന് ഇരുതലമൂര്‍ച്ചയുണ്ട്.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇതുവരെ ഒരു ലോകരാജ്യത്തെയും നമ്മള്‍ ഇടപെടാന്‍ അനുവദിച്ചിട്ടില്ല. കാശ്മീര്‍ വിഷയത്തില്‍ പോലും ഇന്ത്യയുടെ നിലപാട് വ്യക്തവും ശക്തവുമാണ്. എന്നാല്‍ ഇവിടെ സംഘര്‍ഷം പൊട്ടി പുറപ്പെടുകയും തീവ്രവാദ ഗ്രൂപ്പുകള്‍ ശക്തമാവുകയും ചെയ്താല്‍ ഇടപെടാന്‍ ഒരവസരം ലഭിക്കുമെന്നതിനാല്‍ കഴുകന്‍ കണ്ണുകളുമായി തക്കം പാര്‍ത്തിരിക്കുകയാണ് അമേരിക്ക.

Express View

Top