ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടന്‍ :ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക.ഇതു സംബന്ധിച്ച ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ ഒപ്പു വച്ചു.ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെയും ഉന്നത ഉദ്യോഗസ്ഥരെയും യുഎസ് അധികാരപരിധിയില്‍ ധനകാര്യ ബന്ധങ്ങളില്‍നിന്നു വിലക്കുന്നതാണ് ഉപരോധം.

ഹോര്‍മുസ് കടലിടുക്കിനു സമീപം അന്തര്‍ദേശീയ വ്യോമമേഖലയില്‍ പറന്ന യു.എസ് ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ട പശ്ചാത്തലം ഇല്ലായിരുന്നെങ്കിലും ഉപരോധം ഏര്‍പ്പെടുത്തുമായിരുന്നെന്നും ട്രംപ് വ്യക്തമാക്കി. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ യുഎസ് ഇടപെടേണ്ട കാര്യമില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ഷരീഫ് തിരിച്ചടിച്ചു.

അതേസമയം, ഇറാന്‍ ഭീഷണി സംബന്ധിച്ചു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ചര്‍ച്ച നടത്തി.

Top