റഷ്യയിലേക്ക് ആഡംബര വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി യുഎസ്

മോസ്‌കോ: റഷ്യയിലേക്കും ബെലാറസിലേക്കും ആഡംബര വസ്തുക്കളുടെ കയറ്റുമതിയില്‍ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റഷ്യന്‍ ആല്‍ക്കഹോള്‍, സീഫുഡ്, നോണ്‍-ഇന്‍ഡസ്ട്രിയല്‍ ഡയമണ്ട്‌സ് എന്നിവയുടെ ഇറക്കുമതിയും നിരോധിച്ചു. യുക്രൈനോട് യുഎസ് പ്രതിജ്ഞാബദ്ധമായി തുടരുമെന്നും റഷ്യയ്ക്ക് ഉപരോധത്തില്‍ ഇളവ് നല്‍കില്ലെന്നും ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

”ഞങ്ങള്‍ യുക്രൈനോട് പ്രതിബദ്ധതയോടെയും ഐക്യത്തോടെയും തുടരും. പുടിന്‍ തന്റെ ക്രൂരമായ ആക്രമണത്തില്‍ നിന്ന് പിന്മാറുന്നതുവരെ റഷ്യയുടെ മേല്‍ നിരോധനം ചുമത്തുന്നത് തുടരും” പ്രൈസ് പറഞ്ഞു. നേരത്തെ റഷ്യയിലേക്കുള്ള ആഡംബര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചിരുന്നു.

ലോക വ്യാപാര സംഘടനയിലെ അംഗമെന്ന നിലയിലുള്ള റഷ്യയുടെ ആനുകൂല്യങ്ങള്‍ അസാധുവാക്കിയതിനും ക്രെംലിനിനോട് ചേര്‍ന്നുള്ള റഷ്യന്‍ ഉന്നതര്‍ക്കെതിരായ പുതിയ നടപടികള്‍ക്കും പുറമെ റഷ്യയിലേക്കുള്ള ആഡംബര വസ്തുക്കളുടെ കയറ്റുമതി യൂറോപ്യന്‍ യൂണിയന്‍ നിരോധിക്കുമെന്ന് കമ്മീഷന്‍ പ്രസിഡന്റ് പറഞ്ഞു. റഷ്യയില്‍ നിന്നുള്ള ഇരുമ്പ്, ഉരുക്ക് മേഖലയിലെ പ്രധാന ചരക്കുകള്‍ യൂറോപ്യന്‍ യൂണിയന്‍ നിരോധിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷനും പറഞ്ഞു. റഷ്യയുടെ ഊര്‍ജ മേഖലയില്‍ നിക്ഷേപം നിരോധിക്കാനും യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നുണ്ട്.

 

Top