ജനങ്ങളെ നിറത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നു; ട്രംപിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സഭ

Trump

വാഷിംഗ്ടണ്‍:അമേരിക്കന്‍ കോണ്‍ഗ്രസിലെ വനിതാ പ്രതിനിധികള്‍ക്കെതിരായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് അമേരിക്കന്‍ ജനപ്രതിനിധി സഭ. ജനങ്ങളെ നിറത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന ട്രംപിന്റെ പരാമര്‍ശം ഭയവും വെറുപ്പും ഉണ്ടാക്കുന്നതാണെന്ന് സഭ ചൂണ്ടികാട്ടി.

അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസ്, അയന്ന പ്രസ്ലി, റാഷിദ ത്വാലിബ്, ഇല്‍ഹാന്‍ ഒമര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ട്രംപിന്റെ ട്വീറ്റ്. ട്രംപ് ഭരണകൂടത്തെ ശക്തമായി വിമര്‍ശിക്കുന്ന ഈ നാല്‍വര്‍ സംഘം ദ സ്‌ക്വാഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇവര്‍ അമേരിക്കയെ വെറുക്കുന്നവരാണ് അതുകൊണ്ട് രാജ്യം വിട്ടുപോകണം. ലോകത്തിലെതന്നെ ഏറ്റവും അഴിമതി നിറഞ്ഞ കഴിവില്ലാത്തവരുള്ള രാജ്യങ്ങളില്‍നിന്നും വരുന്നവരാണ് അവര്‍. അവരാണ് അമേരിക്കയില്‍ വന്ന് ഗവണ്‍മെന്റ് എങ്ങിനെ പ്രവര്‍ത്തിക്കണം എന്ന് പഠിപ്പിക്കുന്നത് എന്നായിരുന്ന ട്രംപിന്റെ വിമര്‍ശനം.

എന്നാല്‍ തന്റെ പരാമര്‍ശത്തെ വളച്ചോടിക്കുകയാണെന്നാണ് ട്രംപിന്റെ വിശദീകരണം. രാജ്യത്തിനെതിരായ പരാമര്‍ശങ്ങള്‍ അവര്‍ അവസാനിപ്പിക്കണം. അവര്‍ക്ക് എവിടെ വേണമെങ്കിലും പോകാം. പക്ഷെ അമേരിക്കക്കെതിരെയോ ഇസ്രയേലിനെതിരെയോ സംസാരിക്കരുത്. താനൊരു വംശീയവാദിയല്ല. വംശീയതയുടെ അംശം പോലും തന്റെ ശരീരത്തില്‍ ഇല്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

Top