ചൈന പിപിഇ കിറ്റുകള്‍ പൂഴ്ത്തിവെയ്ക്കുന്നു; ആരോപണവുമായി അമേരിക്ക

വാഷിങ്ടണ്‍: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ടുള്ള പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ചൈന പൂഴ്ത്തിവെയ്ക്കുന്നതായി തെളിവ് ലഭിച്ചെന്ന് അമേരിക്കന്‍ വൈറ്റ് ഹൗസ്.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചൈന 18 മടങ്ങ് കൂടുതല്‍ മാസ്‌കുകളും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും പല രാഷ്ട്രങ്ങളില്‍ നിന്നായി വാങ്ങി സൂക്ഷിച്ചിരുന്നുവെന്നും അതിപ്പോള്‍ അവര്‍ വലിയ വിലയ്ക്ക് മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കുകയാണെന്നുമാണ് അമേരിക്കയുടെ വാദം. ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് ട്രേഡ് ആന്റ് മാനുഫാക്ചറിങ് ഡയറക്ടര്‍ പീറ്റര്‍ നവാറോ പറഞ്ഞു.

ചൈനയുടെ നടപടിയിലൂടെ ഇന്ത്യ,യൂറോപ്പ്, ബ്രസീലുമടക്കമുള്ള പല രാജ്യങ്ങളും ആവശ്യത്തിന് പിപിഇ കിറ്റുകളും മാസ്‌കും ഇല്ലാതെ പ്രയാസപ്പെടുകയാണെന്നും നവാറോ ചൂണ്ടിക്കാട്ടി.

എന്നാല്‍ പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ചൈന തടഞ്ഞുവയ്ക്കുകയാണെന്ന അമേരിക്കയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 17 വരെ 1.64 ബില്യന്‍ മാസ്‌കുകളും 19.19 മില്യന്‍ സര്‍ജിക്കല്‍ പ്രൊട്ടക്ടീവ് സ്യൂട്ടുകളും 156 ഇന്‍വാസീവ് വെന്റിലേറ്ററുകളും 4254 നോണ്‍ ഇന്‍വാസീവ് വെന്റിലേറ്ററുകളും ചൈന നല്‍കിയെന്നാണ് ജെങ് ഷുവാങ് ചൂണ്ടിക്കാട്ടുന്നത്.

Top