യു.എസ് ഹാക്കറുടെ സ്പോൺസറെ തേടി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ

ന്യൂഡൽഹി: ഗുരുതരമായ ആരോപണമുന്നയിച്ച അമേരിക്കൻ ഹാക്കർ സയീദ് ഷുജയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പേഴ്സണൽ മന്ത്രാലയത്തിന്റെയും നിർദ്ദേശപ്രകാരം റോയും ഐ.ബിയുമാണ് ഇതു സംബന്ധമായ അന്വേഷണം തുടങ്ങിയത്.

തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി പൊലീസിന് നൽകിയ പരാതിക്ക് പുറമെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും അന്വേഷണം. ഇപ്പോൾ വിദേശത്തുള്ള ഹാക്കറെ ചോദ്യം ചെയ്യാൻ ഇന്റർപോളിന്റെയും അമേരിക്കൻ – ബ്രിട്ടൺ സർക്കാറുകളുടെയും സഹായം ഇന്ത്യ തേടിയതായാണ് സൂചന.

2019ലെ ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 2014ലെ തിരഞ്ഞെടുപ്പിൽ ക്രിത്രിമം നടന്നു എന്ന് ഹാക്കർ ആരോപിച്ചത് തന്നെ ഗൂഢ ഉദ്യേശത്തോട് കൂടിയാണെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. ഇതിനു പിന്നിലുള്ള ശക്തിയെ പുറത്ത് കൊണ്ടുവരികയാണ് പ്രധാന ലക്ഷ്യം.

പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ട് ഇക്കാര്യത്തിൽ ഇടപെടൽ നടത്തുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ അഡീഷണൽ സുരക്ഷാ ഉപദേഷ്ടാവ് ആർ.എൻ രവി എന്നിവർ റോ-ഐ.ബി ഉന്നത ഉദ്യോഗസ്ഥരുമായി ഇടപെട്ട് നിരന്തരം ആശയവിനിമയം നടത്തി വരികയാണ്.

2014ലെ ലോകസഭ തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയതായ ഹാക്കർ സയീദ് ഷൂജയുടെ ആരോപണം ഇന്ത്യക്ക് അകത്തും പുറത്തും വലിയ വിവാദത്തിനാണ് ഇപ്പോൾ തിരികൊളുത്തിയിരിക്കുന്നത്.ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അമേരിക്കൻ ഹാക്കറുടെ വിവാദ വെളിപ്പെടുത്തൽ.

ഈ പരിപാടിയിൽ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ കപിൽ സിബിൽ പങ്കെടുത്തതും ഇതിനകം തന്നെ വിവാദമായി കഴിഞ്ഞു.കോൺഗ്രസ്സ് സ്പോൺസേർഡ് പത്രസമ്മേളനമാണ് നടന്നതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

ബി.ജെ.പിയെയോ കേന്ദ്ര സർക്കാറിനേയോ അല്ല, രാജ്യത്തെയാണ് ഹാക്കറും പിന്നിൽ പ്രവർത്തിച്ചവരും അപമാനിച്ചിരിക്കുന്നതെന്നാണ് ബി.ജെ.പി തുറന്നടിക്കുന്നത്.

hackers

ഇതിനിടെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിന് പിന്നാലെ തെലങ്കാന ബി.ജെ.പി അദ്ധ്യക്ഷനും സുഹൃത്തുക്കളും 11 പേരെ കൊന്നതായ ഹാക്കറുടെ ആരോപണവും ഏറെ സംശയത്തിനിട നൽകിയിട്ടുണ്ട്.

ബി.ജെ.പി നേതാവ് കിഷൻ റെഡ്ഡി 2014 മെയ് 12ന് 11 പേരെ ഫാം ഹൗസിൽ വെച്ച് കൊന്നതായാണ് സയീദ് ഷുജ ആരോപിച്ചിരുന്നത്. ഇതോടെ കൊലപാതകം സംബന്ധിച്ച ആരോപണം അന്വേഷിക്കണമെന്ന ആവശ്യം തെലങ്കാനയിലും ഇതിനകം ഉയർന്നുകഴിഞ്ഞു.

ഒരു വെടിക്ക് ഒരു പാട് പക്ഷികൾ എന്ന തന്ത്രമാണ് ഹാക്കറുടെ വെളിപ്പെടുത്തലിനു പിന്നിലെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഹാക്കർ സയീദ് ഷുജയുമായി ബന്ധമുള്ളവരെ കുറിച്ചും അദ്ദേഹത്തിന്റെ യാത്രകളെ കുറിച്ചും അരിച്ചു പെറുക്കിയ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

കോൺഗ്രസ്സ് നേതാവ് കപിൽ സിബിൽ ലണ്ടനിലെ ഈ വെളിപ്പെടുത്തൽ പരിപാടിയിൽ പങ്കെടുക്കാനുണ്ടായ സാഹചര്യം, അദ്ദേഹത്തെ ക്ഷണിച്ച വ്യക്തികളുടെ ബന്ധങ്ങൾ, പശ്ചാത്തലം, മെയിൽ, ഫോൺ വിശദാംശങ്ങൾ, തുടങ്ങിയവയും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന അന്വേഷണത്തിൽ യാഥാർത്ഥ്യം ഉടൻ പുറത്തു വരുമെന്നാണ് കേന്ദ്ര സർക്കർ വൃത്തങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച ഹാക്കർ പക്ഷേ, അത് എങ്ങനെയാണ് എന്ന് ലൈവ് വീഡിയോ ദൃശ്യത്തിലൂടെ കാണിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. വാർത്താ കോളിളക്കം അതു വഴി മറ്റ് ചില ലക്ഷ്യങ്ങൾ . . . ഇതാണ് ഹാക്കറുടെ പ്രധാന ഉദ്യേശമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥരും സംശയിക്കുന്നത്. എന്താണ് ഉദ്യേശമെന്ന് സംശയമില്ലന്നും അത് ആർക്കു വേണ്ടിയാണ് ചെയ്തത് ? ആരാണ് ഈ തിരക്കഥ സംവിധാനം ചെയ്തത് എന്നത് മാത്രമേ ഇനി കണ്ടെത്തേണ്ടതൊള്ളൂ എന്നതാണ് ബി.ജെ.പിയുടെ നിലപാട്.

അതേസമയം, വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താൻ കഴിയുമെന്ന ഹാക്കറുടെ അവകാശവാദം യന്ത്രം തയ്യാറാക്കിയ കമ്പനി നിഷേധിച്ചിട്ടുണ്ട്.ഹൈദരാബാദിലുള്ള ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഹാക്കർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. വോട്ടിങ് യന്ത്രം നിർമ്മിച്ച സംഘത്തിൽ താനും ഉണ്ടായിരുന്നുവെന്ന ഹാക്കറുടെ വാദമാണ് കമ്പനി തള്ളിയത്.

വോട്ടിങ് യന്ത്രത്തിൽ പങ്കാളിയായി പിന്നീട് യു.എസിലേക്ക് സ്ഥിരതാമസമാക്കിയ ഒരു എൻജിനീയർ തങ്ങൾക്ക് ഉണ്ടായിരുന്നില്ലന്നാണ് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നത്.

Top