യുഎസിന്റെ വളര്‍ച്ച ഇന്ത്യന്‍ കയറ്റുമതി രംഗത്തിന് പ്രതീക്ഷയാണെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: യുഎസ് കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയിലെ മികച്ച സാമ്പത്തിക വളര്‍ച്ച നേടുന്നത് ഇന്ത്യന്‍ കയറ്റുമതി രംഗത്തിന് പ്രതീക്ഷയാണെന്ന് അസോചം റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ പ്രധാന ലക്ഷ്യ കേന്ദ്രമായ യുഎസിന്റെ വളര്‍ച്ച കയറ്റുമതി സംബന്ധിച്ച ഭാവി സൂചനകള്‍ മെച്ചപ്പെടുത്തിയെന്ന് അസോചം റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ യുഎസിന്റെ സമ്പദ് വ്യവസ്ഥ 4.2 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്.

ചൈനയുമായുള്ള വ്യാപാര യുദ്ധത്തിനിടയിലും നാല് വര്‍ഷത്തെ മികച്ച പ്രകടനമാണ് യുഎസ് കാഴ്ച വെച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 303 യുഎസ് ഡോളര്‍ വരുന്ന ഇന്ത്യയുടെ മൊത്ത കയറ്റുമതിയില്‍ 16 ശതമാനത്തോളവും യുഎസിലേക്കായിരുന്നു.

13.42 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് യുഎസിലേക്കുള്ള കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. ചരക്കുകളിലായാലും സേവനങ്ങളിലായാലും യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയാണ്.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഒഴികെ കയറ്റുമതിയിലെ വളര്‍ച്ച തുടരുന്നതായാണ് നിലവിലെ സാമ്പത്തിക വര്‍ഷത്തിലും പ്രകടമാകുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും മത്സരാധിഷ്ഠിതമാക്കുകയും ചെയ്യും.

എന്‍ജിനിയറിങ്ങ് ഉല്‍പ്പന്നങ്ങള്‍, കെമിക്കല്‍സ്, രത്‌നങ്ങള്‍, ജുവല്ലറി തുടങ്ങിയവയാണ് യുഎസിലേക്ക് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന പ്രധാന ഉല്‍പ്പന്നങ്ങള്‍.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ട്രംപ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്റ്റീല്‍, എന്‍ജിനിയറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഉത്സവ സീസണുകളില്‍ ഇന്ത്യയില്‍ നിന്നുള്ള ജുവലറി ആഭരണങ്ങള്‍ക്കും ആവശ്യകതയേറെയാണ്.

Top