മെക്സിക്കന്‍ അതിര്‍ത്തി ബില്ല് പാസ്സായില്ല; അമേരിക്കയില്‍ ഭരണ-സാമ്പത്തിക സ്തംഭനം

donald trump

വാഷിംഗ്ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ 500 കോടി ആവശ്യപ്പെടുന്ന ബില്ലിന് സെനറ്റില്‍ അംഗീകാരം ലഭിക്കാതായതോടെ അമേരിക്കയില്‍ ഭാഗിക ഭരണ-സാമ്പത്തിക സ്തംഭനം. ട്രഷറി അടച്ചിടുന്നത് ഫെഡറല്‍ ഉദ്യോഗസ്ഥരുടെ ശമ്പള വിതരണത്തെ ബാധിക്കും.

കുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നുള്ളത് ട്രംപിന്റെ തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.മതില്‍ പണിയാന്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിന് ട്രംപ് കൊണ്ടുവന്ന ബില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എതിര്‍ത്തതോടെ ബില്‍ പരാജയപ്പെട്ടു. മെക്‌സിക്കന്‍ മതില്‍ ബില്‍ പാസാക്കുന്നതിന് സെനറ്റ് വിസമ്മതിച്ചാല്‍ ഭരണസ്തംഭനമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

100 അംഗ സെനറ്റില്‍ 51 അംഗങ്ങളാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്ക്. ബില്‍ പാസാകാന്‍ 60 വോട്ടുകള്‍ വേണം. ഡമോക്രാറ്റ് അംഗങ്ങള്‍ ബില്‍ പിന്തുണക്കില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് ന്യൂക്ലിയര്‍ ഓപ്ഷന്‍ നടപ്പാക്കണമെന്ന് പ്രസിഡന്റ് സെനറ്റിലെ റിപബ്ലിക്കന്‍ നേതാവിനോട് ആവശ്യപ്പെട്ടിരുന്നു. 60 വോട്ടുകള്‍ക്ക് പകരം 51 വോട്ടെന്ന ഭൂരിപക്ഷത്തിന് ബില്‍ പാസാക്കാന്‍ അനുവദിക്കുന്നതാണ് ന്യൂക്ലിയര്‍ ഓപ്ഷന്‍.

ഈ സാഹചര്യത്തില്‍ മറ്റ് ഫണ്ട് അനുവദിക്കലും നടന്നില്ല. ആഭ്യന്തരം, ഗതാഗതം, കൃഷി, നിയമം തുടങ്ങിയ വകുപ്പുകളിലേക്കുള്ള ധനവിഹിതം നല്‍കുന്നത് നിലച്ചു. ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് യുഎസ് ഫെഡറല്‍ ഫണ്ട് ഇപ്രകാരം റദ്ദാക്കുന്നത്.

Top