US freezes ; Rs 20,000 crore to buy weapons in Pakistan

വാഷിംഗ്ടണ്‍: തീവ്രവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനാല്‍ പാകിസ്ഥാന് ആയുധം വാങ്ങാന്‍ നല്‍കി വരുന്ന 20000 കോടി രൂപയുടെ സഹായം മരവിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചു.

സഖ്യ രാജ്യങ്ങള്‍ക്ക് തീവ്രവാദികളെയും ആഭ്യന്തര കലാപകാരികളെയും നേരിടാന്‍ വേണ്ടി രൂപീകരിച്ച സി.എസ്.എഫ് എന്ന ഫണ്ടില്‍ നിന്നാണ് അമേരിക്ക പാകിസ്ഥാന് ധനസഹായം നല്‍കിവരുന്നത്.

പാകിസ്ഥാനാണ് ഇതില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്നത്. 2002 നു ശേഷം 94000 കോടി രൂപയോളം രൂപയുടെ സഹായമാണ് പാകിസ്ഥാന് ലഭിച്ചത്.

പാകിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരെ നടപടി എടുത്തതായി വിദേശകാര്യ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ഇതുവരെ സാക്ഷ്യപ്പെടുത്തിയട്ടില്ലെന്ന് പെന്റഗണ്‍ വക്താവ് ആഡം സ്റ്റംപ് ബുധനാഴ്ച അറിയിച്ചിരുന്നു.

അഫ്ഗാന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്ന ഭീകരസംഘടനകളായ താലിബാനെതിരെയും ഹഖാനി ഗ്രൂപ്പിനെതിരെയും നടപടി സ്വീകരിക്കാമെന്ന ഉറപ്പ് പാകിസ്ഥാന്‍ ഇതുവരെ പാലിച്ചിരുന്നില്ല.

മാത്രമല്ല ഇവര്‍ക്ക് പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐയുടെ സഹായം ലഭിക്കുന്നതായും കണ്ടെത്തിയട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതായി സൂചനയുണ്ടായിരുന്നു.

തീവ്രവാദികളെ നേരിടാന്‍ പരിമിതികളുണ്ടെന്നാണ് പാകിസ്ഥാന്റെ പക്ഷം. രാജ്യത്തെ വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി ഇപ്പോഴും പോരാട്ടത്തിലാണ്.

തീവ്രവാദികള്‍ ഏത് രീതിയില്‍ തിരിച്ചടിക്കുമെന്ന് ആശങ്കയുണ്ടെന്നും അതിനാലാണ് നടപടി വൈകുന്നതെന്നുമാണ് പാകിസ്ഥാന്റെ നിലപാട്.

അതേസമയം പാകിസ്ഥാന് ധനസഹായം നല്‍കുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയരുന്നുണ്ട്.

പാകിസ്ഥാന്റെ ആണവ പദ്ധതികളേയും, തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്റെ ആത്മാര്‍ത്ഥതയില്ലായ്മയും, അഫ്ഗാനിസ്ഥാനിലെ സമാധാന പദ്ധതി നടപ്പാക്കുന്നതിലെ ഉദാസീനതയും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശിച്ചിരുന്നു.

എഫ് 16 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനായി പാകിസ്ഥാന് നല്‍കാന്‍ ഉദ്ദേശിക്കുന്ന 50000 കോടി രൂപയുടെ ധനസഹായം തടയുമെന്ന് വിദേശകാര്യ കമ്മിറ്റിയുടെ ചെയര്‍മാന്‍ ബൊബ് ക്രൂക്കര്‍ കഴിഞ്ഞ മാര്‍ച്ചില്‍ അറിയിച്ചിരുന്നു.

Top