യുഎസ് വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപിയോ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും

വാഷിംഗ്ടണ്‍: യുഎസ് വിദേശ കാര്യ സെക്രട്ടറി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. സെപ്റ്റംബര്‍ അഞ്ചിനാണ് യുഎസ് വിദേശ കാര്യ സെക്രട്ടറിയായ മൈക്ക് പോംപിയോ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അങ്ങനെയെങ്കില്‍
പാക്കിസ്ഥാന്റെ 22ാമത്തെ പ്രധാനമന്ത്രിയായ ഇമ്രാന്‍ഖാന്റെ ആദ്യ വിദേശ കൂടിക്കാഴ്ചയാണ് നടക്കാന്‍ പോകുന്നത്‌.

പാക്കിസ്ഥാന്റെ 22ാമത്തെ പ്രധാനമന്ത്രിയാണ് ഖാന്‍. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 176 പേരാണ്‌ ഇമ്രാന്‍ഖാനെ പിന്തുണച്ചത്. പാക്കിസ്ഥാന്‍ മുസ്ലിം-ലീഗ്‌ നവാസിന്റെ സ്ഥാനാര്‍ഥി ഷഹബാസ് ഷരീഫിന് 96 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ജൂലായ് 25ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പു നടന്ന 270 സീറ്റില്‍ 116 സീറ്റ് നേടി പി.ടി.ഐ. ഒമ്പത് സ്വതന്ത്രരാണ്‌ നേരത്തേ പി.ടി.ഐ.ക്ക് പിന്തുണയറിയിച്ചിരുന്നത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ആരോപണം നേരത്തേ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

21അംഗ മന്ത്രിസഭയാണ് പാക്കിസ്ഥാനില്‍ അധികാരത്തിലെത്തിയത്. 16 പേര്‍ മന്ത്രിമാരും അഞ്ച് പേര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളുമാണ്. മുതിര്‍ന്ന നേതാവ് ഷാ മെഹമ്മൂദ് ഖുറേഷിയാണ് വിദേശകാര്യമന്ത്രിയായി
തിരഞ്ഞെടുത്തത്. 2008 മുതല്‍ 2011 വരെ ഖുറേഷി വിദേശകാര്യ മന്ത്രിയായിരുന്നു. 2008 നവംബറില്‍ മുംബൈ
യില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ ഖുറേഷി ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. പ്രതിരോധ മന്ത്രിയായി പെര്‍വേസ് ഖട്ടക്കും ധനമന്ത്രിയായി അസദ് ഉമറും നിയമിതനായി.

Top