കൊറോണയെ തുരത്താന്‍ വാക്‌സിന്‍, 43കാരിയില്‍ പരീക്ഷിച്ചു ! വിജയിക്കുമോ ?

സീറ്റില്‍(വാഷിങ്ടണ്‍): ഏഴായിരം പേരുടെ ജീവനെടുത്ത കൊറോണ വൈറസിനെതിരെ ലോകത്തിന്റെ നാനാഭാഗങ്ങളിലെ ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. ഇപ്പോഴിതാ അമേരിക്ക കൊറോണ വൈറസിനെതിരെ നിര്‍ണായകമായി വാക്‌സിന്‍ പരീക്ഷണം നടത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വാഷിങ്ടണിലെ സീറ്റിലിലെ ഗവേഷണ കേന്ദ്രമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ (എന്‍.ഐ.എച്ച്.)നാലുപേരില്‍ വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

രോഗകാരണമാകുന്ന വൈറസിന്റെ അപകടകരമല്ലാത്ത ജനിതക കോപ്പിയാണ് വാക്‌സിന്‍ പരീക്ഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. mRNA-1273 എന്നാണ് കൊറോണ വാക്സിന്റെ കോഡ് നാമം. യുഎസ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞരും മാസച്യുസെറ്റ്‌സിലെ കാംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡേര്‍ണ എന്ന ബയോടെക്നോളജി കമ്പനിയിലെ വിദഗ്ധരും ചേര്‍ന്നാണ് പുതിയ കൊറോണ വാക്സിന്‍ വികസിപ്പിക്കുന്നത്.

നാല്‍പ്പത്തിമൂന്നുകാരിയായ സീറ്റില്‍ സ്വദേശിയായ ജെന്നിഫര്‍ ഹാലര്‍ എന്നയാളിലാണ് ആദ്യമായി വാക്‌സിന്‍ പരീക്ഷിച്ചിരിക്കുന്നത്.28 ദിവസത്തിനിടയില്‍ കൈത്തണ്ടയില്‍ രണ്ട് പ്രാവശ്യമാണ് കുത്തിവെക്കുക. വാക്‌സിന്‍ നിര്‍മാണവും വിതരണവും പൂര്‍ത്തിയാകാന്‍ 18 മാസമെങ്കിലും എടുക്കുമെന്നും വിദഗ്ധര്‍ അറിയിച്ചു.

കൊവിഡ് 19നെതിരെയുള്ള വാക്‌സിന്‍ ആദ്യമായാണ് മനുഷ്യനില്‍ കുത്തിവെച്ച് പരീക്ഷിക്കുന്നത്. വാക്‌സിന്‍ സുരക്ഷിതമാണെന്നും ഉയര്‍ന്ന ഗുണനിലവാരമുള്ളതാണെന്നും ഫലം സൂക്ഷ്മമായി വിലയിരുത്തുമെന്നും വിദഗ്ധന്‍ ഡോ. ജോണ്‍ ട്രെഗോണിംഗ് പറഞ്ഞു. വാക്‌സിന്‍ ഫലപ്രദമായാല്‍ മനുഷ്യരാശിക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത അളവിലാണ് വളന്റിയര്‍മാരില്‍
വാക്‌സിന്‍ കുത്തിവെക്കുക.

ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7000 കടന്നു. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 18,000 ആയി. സ്ഥിതി ഇതായതോടെ പ്രതിരോധ നടപടി ശക്തമാക്കിയിരിക്കുകയാണ് രാജ്യങ്ങള്‍. ഇറ്റലിക്ക് പിന്നാലെ ഫ്രാന്‍സും സ്വിറ്റ്സര്‍ലന്‍ഡും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് വൈറസ് ബാധ പൊട്ടിപ്പുറപ്പെടുകയും അനിയന്ത്രിതമായി പടരുകയും ചെയ്തു.

Top