ദക്ഷിണ ചൈന കടലിന്റെ നടുക്ക് ചൈനക്കെതിരായി യുഎസിന്റെ പടപ്പുറപ്പാട്

രാജ്യാന്തരവേദികളിലെ വാക്‌പ്പോരിലും ആയുധപരീക്ഷണം നടത്തിയും മറ്റും സ്വന്തമെന്നു സ്ഥാപിക്കാന്‍ ചൈന പലപ്പോഴും ലക്ഷ്യമിടുന്ന ദക്ഷിണ ചൈന കടലിന്റെ നടുക്ക് യുദ്ധപുറപ്പാട് നടത്തി അമേരിക്കന്‍ പടക്കപ്പലുകള്‍.

രണ്ടു വിമാനവാഹിനി കപ്പലും അനേകം യുദ്ധക്കപ്പലുകളും വരുംദിവസങ്ങളില്‍ ദക്ഷിണ ചൈനാ കടലില്‍ എത്തുമെന്നും സൈനികാഭ്യാസം നടത്തുമെന്നും യുഎസ് നാവിക സേന അറിയിച്ചു. ദക്ഷിണ ചൈനാ കടല്‍ ആരുടേതാണെന്ന തര്‍ക്കം മൂക്കുകയും ചൈന നാവികാഭ്യാസം നടത്തുകയും ചെയ്യുന്ന അതേനേരത്തുതന്നെയാണ് യുഎസിന്റെയും പടനീക്കം.

പസിഫിക് സമുദ്രത്തിലും സാന്നിധ്യമായിരുന്ന യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്നീ വിമാനവാഹിനി കപ്പലുകളാണു ദക്ഷിണ ചൈന കടലില്‍ അണിനിരക്കുക. ഫിലിപ്പീന്‍സ് കടലിലും ഇവ കര്‍മനിരതമാണ്. ‘മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നു സഖ്യകക്ഷികള്‍ക്കും പങ്കാളികള്‍ക്കും സ്പഷ്ടമായി ബോധ്യപ്പെടുത്തുകയാണ് ഈ സൈനിക പ്രകടനം കൊണ്ടുദ്ദേശിക്കുന്നത്.’ റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം.വിക്കോഫ് പറഞ്ഞു.

അഞ്ചു ദിവസം നീളുന്ന ശക്തിപ്രകടനത്തിന്റെ ഭാഗമായി ബുധനാഴ്ചയാണു കടലില്‍ ചൈനയുടെ സൈനികാഭ്യാസം തുടങ്ങിയത്. നാവികസേന കപ്പലുകളും കോസ്റ്റ്ഗാര്‍ഡുമാണു പങ്കെടുക്കുന്നത്. ‘ഇവിടെയുള്ള ദ്വീപുകള്‍ നോട്ടമിട്ടവരെയും കൈവശം വച്ചവരെയും സ്വന്തം ശക്തി എത്ര മാത്രമുണ്ടെന്നു തെളിയിക്കുകയാണ് ഇതുകൊണ്ട് ചൈന ഉദ്ദേശിക്കുന്നത്.

ഇന്തോപസിഫിക് മേഖലയില്‍ അഭിവൃദ്ധിയും സുരക്ഷയും സ്ഥിരതയും കൊണ്ടുവരികയാണു പടക്കപ്പലുകളുടെ സാന്നിധ്യം കൊണ്ട് യുഎസ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയപരമോ ലോകത്തിലെ ഇപ്പോഴത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ടതോ ആയ പ്രതികരണമല്ല ഇത്.

നാവികസേനയുടെ പ്രകടനം ഏറെക്കാലം മുമ്പേ തീരുമാനിച്ചതാണെന്നും ഇതേസമയത്തുതന്നെയാണു ചൈന പാരാസെല്‍ ദ്വീപില്‍ സൈനികാഭ്യാസം നടത്താന്‍ ഒരുങ്ങിയതെന്നുമാണു യുഎസിന്റെ വിശദീകരണം. ചൈനയുടെ പ്രകടനത്തോടു യുഎസ് ശക്തമായ രീതിയിലാണു പ്രതികരിച്ചത്. ‘തര്‍ക്കപ്രദേശമായ ദക്ഷിണ ചൈന കടലില്‍ സൈനിക പരിശീലനം നടത്താനുള്ള പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) തീരുമാനത്തോടു ഞങ്ങളുടെ തെക്കുകിഴക്കനേഷ്യന്‍ സുഹൃത്തുക്കള്‍ക്കുള്ള എതിര്‍പ്പിനെ യുഎസ് അംഗീകരിക്കുന്നു. അതീവ പ്രകോപനം സൃഷ്ടിക്കുന്നതാണു ചൈനയുടെ നടപടി. ബെയ്ജിങ്ങിന്റെ നിയമവിരുദ്ധമായ അവകാശവാദങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു.’ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.

Top