താലിബാനുമായുളള സമാധാന ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതായി അമേരിക്ക

വാഷിംങ്ടണ്‍ : താലിബാനുമായുളള സമാധാന ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരവധി പേര്‍ കൊല്ലപ്പെടാനിടയായ കാബൂളിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി.

ഈയാഴ്ച താലിബാന്‍ നേതാക്കളുമായി നടത്താനിരുന്ന കൂടിക്കാഴ്ചയും റദ്ദാക്കി. ചര്‍ച്ചകള്‍ക്കായി താലിബാന്‍ നേതാക്കളെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു. 2001 സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് അമേരിക്ക താലിബാനുമായി ചര്‍ച്ചക്ക് നീക്കം നടത്തിയത്.

അമേരിക്കൻ മധ്യസ്ഥൻ സൽമായ്​ ഖലിസാദ്​ താലിബാനുമായി തിങ്കളാഴ്​ച ധാരണയിലെത്തിയിരുന്നു. കരാർ പ്രകാരം 20 ആഴ്​ചക്കുള്ളിൽ 5400 ട്രൂപ്പ്​ സൈന്യത്തെ പിൻവലിക്കുമെന്ന്​ അമേരിക്ക അറിയിച്ചിരുന്നു. ​നിലവിൽ 14,000 ട്രൂപ്പ്​ ​യു.എസ്​ സൈന്യമാണ്​ അഫ്​ഗാനിസ്​താനിലുള്ളത്​.

വ്യാഴാഴ്​ച കാബൂളിൽ താലിബാൻ നടത്തിയ കാർ ബോംബ്​ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ അമേരിക്കൻ സൈനികനും ഉൾപ്പെട്ടിരുന്നു.

Top