US election 2016: Obama warns against campaign anger

വാഷിങ്ടണ്‍: പ്രകോപനപരമായ പ്രസ്താവനകളില്‍ നിന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്നവര്‍ അകന്നു നില്‍കണമെന്ന് ബറാക് ഒബാമയുടെ ആഹ്വാനം.

ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പട്ടികയിലുള്ള ഡൊണാള്‍ഡ് ട്രംപിന് ഷിക്കാഗോ റാലി റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഒബാമയുടെ പ്രതികരണം.

മത്സരാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണം. മധ്യ അമേരിക്കാരെ അധിക്ഷേപിക്കരുത്. അധിക്ഷേപിക്കുന്നതിന് പകരം രാജ്യത്തെ മെച്ചപ്പെടുത്താനാണ് മത്സരാര്‍ഥികള്‍ ശ്രമിക്കേണ്ടത്. വംശത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുകയല്ല വേണ്ടതെന്നും ഓബമ വ്യക്തമാക്കി.

ട്രംപിന്റെ റാലികളില്‍നിന്ന് കറുത്ത വര്‍ഗക്കാരെ പുറത്താക്കുന്നതിനും പ്രസംഗങ്ങളില്‍ മുസ് ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതിനും എതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതാണ് ശനിയാഴ്ച ഷികാഗോയില്‍ ട്രംപിന്റെ പരിപാടി നടക്കാനിരുന്ന ഇലിനോയിസ് സര്‍വകലാശാലക്ക് മുന്നില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ അണിനിരക്കാന്‍ ഇടയാക്കിയത്. പ്രതിഷേധം കൈയ്യേറ്റത്തിലേക്ക് നീങ്ങിയതോടെ റാലി റദ്ദാക്കുകയായിരുന്നു.

യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പില്‍ ഏറെ മുന്നിലാണ് ഡൊണാള്‍ഡ് ട്രംപ്. ഇതുവരെ നടന്ന പ്രൈമറികളും കൊക്കസുകളിലും ട്രംപ് മികച്ച വിജയം നേടിയിട്ടുണ്ട്.

Top