കൊറോണ; പേള്‍ ഹാര്‍ബര്‍,വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം എന്നിവയേക്കാള്‍ ഗുരുതരം

വാഷിംഗ്ടണ്‍: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് പേള്‍ ഹാര്‍ബര്‍ ആക്രമണം, വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം (9/11) എന്നിവയേക്കാള്‍ രൂക്ഷമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും രൂക്ഷമായ ആക്രമണത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നമ്മള്‍ നേരിട്ട ഏറ്റവും മോശമായ ആക്രമണമാണിതെന്നും ഇതുപോലൊരു ആക്രമണം മുമ്പ് ഉണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

നേരില് കാണാവുന്ന ശത്രുക്കള്‍ക്കെതിരെ നമുക്ക് നന്നായി പ്രവര്‍ത്തിക്കാനാകും. പക്ഷേ ഇത് അങ്ങനെയല്ല, അദൃശ്യനാണ്. എന്നാലും അമേരിക്ക നന്നായി പ്രതികരിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ ചൈനക്കെതിരെ വീണ്ടും ട്രംപ് വിമര്‍ശനമുന്നയിച്ചു. ഉറവിടത്തില്‍ തന്നെ വൈറസിനെ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇത്രയും മോശം സാഹചര്യം ഉണ്ടാവില്ലായിരുന്നുവെന്നും വൈറസ് ബാധ തടയുന്നതില്‍ ചൈന പരാജയപ്പെട്ടെന്നും ട്രംപ് ആരോപിച്ചു.

Top