ട്രംപിനെ കുറ്റപ്പെടുത്തി വൈറ്റ് ഹൗസിലെ ആരോഗ്യവിദഗ്ധർ

വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള കൊറോണ നിയന്ത്രണത്തെ കുറ്റപ്പെടുത്തി ട്രംപിന് കീഴിൽ ജോലി ചെയ്ത ആറംഗ ആരോഗ്യവിദഗ്ധർ. കൊറോണയെ നിയന്ത്രിയ്ക്കാൻ ആദ്യഘട്ടത്തിൽ ജാഗ്രത കാട്ടിയില്ലെന്ന് ഇവർ ആരോപിച്ചു. വളരെ ദുർഘടം പിടിച്ച പോരാട്ടമായിരുന്നു ട്രംപിന്റെ നേതൃത്വത്തിൽ നടന്നത്. ശാസ്ത്രീയമായി ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചുവെന്നും ഡോക്ടർമാർ പറയുന്നു.

ഡോ. ഡിബ്രോ ബിർക്‌സ്, ഡോ. ആന്റണി ഫൗസി, ഡോ. സ്റ്റീഫൻ ഹാൻ, ഡോ. ബ്രെട്ട് ഗിറിയോർ, ഡോ. റോബർട്ട് കാഡ്‌ലെക്, ഡോ. റോബർട്ട് റെഡ്ഫീൽഡ് എന്നിവരാണ് തങ്ങളുടെ അനുഭവത്തെകുറിച്ച് പറഞ്ഞ് മുന്നോട്ട് വന്നത്. വൈറ്റ് ഹൗസിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് കൊറോണ ഒരു വലിയ ദുരന്തമാവുമെന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞിരുന്നു. എന്നാൽ ട്രംപ് അടങ്ങുന്ന സംഘം ഇതിനെ നിസ്സാരവത്കരിക്കുകയായിരുന്നുവെന്ന് ഡോ. ഡിബ്രോ ബിർക്‌സ് ആരോപിക്കുന്നു.

കൊറോണ നിയന്ത്രണ ബോർഡിലെ കോർഡിനേറ്ററായിരുന്നു ഡിബ്രോ. വൈറ്റ് ഹൗസിൽ മാസ്‌ക് ധരിക്കുന്നത് പോലും ട്രംപ് പ്രോത്സാഹിപ്പിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ അമേരിക്കൻ പൗരന്മാരോട് കൊറോണയുടെ തീവ്രതയെ കുറിച്ച് മനസിലാക്കി കൊടുക്കാനും തുനിഞ്ഞില്ല. വലിയൊരു ദുരന്തം വരുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും രാജ്യം അതിന് വേണ്ടി ഒട്ടും തയ്യാറെടുത്തില്ലെന്നും ഡോക്ടർമാർ ആരോപിച്ചു. പല ഘട്ടങ്ങളിലും പ്രസിഡന്റ് സത്യങ്ങൾ മറച്ചുവെയ്ക്കാൻ ഭീഷണിപ്പെടുത്തുന്ന തരത്തിൽ പ്രതികരിച്ചുവെന്നും ഡോക്ടർമാർ വെളിപ്പെടുത്തി.

കൊറോണ മഹാമാരിയുടെ കയ്യിൽ രാജ്യം അകപ്പെടുമ്പോഴും അശാസ്ത്രീയമായ നിരവധി കാര്യങ്ങളാണ് രാജ്യം ചെയ്തത്. ട്രംപിന് ഇതിനുള്ള നിർദ്ദേശം നൽകിയിരുന്നത് അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ സ്‌കോട്ട് അറ്റ്‌ലസാണെന്ന് സംശയിക്കുന്നതായും ഡോക്ടർമാർ പറഞ്ഞു. വൈറ്റ് ഹൗസിലെ ഡോക്ടർമാരും അറ്റ്‌ലസയും തമ്മിൽ വാഗ്വാദങ്ങൾ ഉണ്ടായിട്ടുണ്ട്. കൊറോണ വൈറസിന്റെ ശാസ്ത്രീയ സത്യങ്ങൾ തുറന്നു പറയാൻ ഇനി ഭയമില്ലെന്നും ഡോക്ടർമാർ പ്രതികരിച്ചു.

Top