യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ലഭ്യമാക്കണമെന്ന്…

വാഷിങ്ടണ്‍; ഡൊണള്‍ഡ് ട്രംപിനെതിരായ മ്യൂളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ലഭ്യമാക്കണമെന്ന ആവശ്യവുമായി ഡെമോക്രാറ്റുകള്‍. ഡെമോക്രാറ്റ് നേതാവ് ജെറി നദ്‌ലറാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

2016ല്‍ നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായ റഷ്യല്‍ ഇടപെടലുമായ് ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് സമര്‍പ്പിച്ചത്. റോബര്‍ട് മ്യൂളര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ ചുരുക്ക ഭാഗം മാത്രമാണ് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ യു.എസ് കോണ്‍ഗ്രസ് മുന്‍പാകെ സമര്‍പ്പിച്ചിരുന്നത്.

യു.എസ് പ്രസിഡന്റിനെ പൂര്‍ണമായും കുറ്റവിമുക്തമാക്കുന്നതാണ് റിപ്പോര്‍ട്ടെന്നായിരുന്നു സംക്ഷിപ്ത ഭാഗം ഉദ്ധരിച്ച് അറ്റോണി ജനറലും ട്രംപും അറിയിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണഭാഗവും അതിന്റെ തെളിവുകളും ലഭിക്കണമെന്ന ആവശ്യമാണ് ഡെമോക്രാറ്റുകള്‍ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്.

22 മാസമെടുത്ത് മ്യൂളര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് 448 പേജുകളുണ്ട്. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച തന്റെ അന്വേഷണം തടസ്സപ്പെടുത്താന്‍ ഡൊണള്‍ഡ് ട്രംപ് നിരന്തരം ശ്രമിച്ചതായി റോബര്‍ട്ട് മുള്ളറുടെ റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാനാണ് ഡെമാക്രാറ്റുകളുടെ ശ്രമം. മെയ് 1ന് മുമ്പ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ ഭാഗം നല്‍കണമെന്നാണ് ജെറി നദ്‌ലര്‍ ജുഡീഷ്യറി കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Top