മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ പാര്‍ട്ടി ഇനി ഭീകര സംഘടന ;നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യ

US designates Hafiz Saeed

ന്യൂഡല്‍ഹി: ഹാഫീസ് സയീദിനും അദ്ദേഹത്തിന്റെ മില്ലി മുസ്ലീം ലീഗ് (എംഎംഎല്‍)പാര്‍ട്ടിക്കുമെതിരെ യു.എസ് സ്വീകരിച്ച നടപടിക്ക് പിന്തുണയുമായി ഇന്ത്യ. മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫീസ് സയീദിന്റെ പാര്‍ട്ടിയെ വിദ്ദേശ ഭീകര സംഘടനകളുടെ പട്ടികയില്‍ യുഎസ് ഉള്‍പ്പെടുത്തിയ നടപടിയെയാണ് ഇന്ത്യ പ്രശംസിച്ചത്.

എംഎംഎല്‍ നേതൃത്വം നല്‍കുന്ന മറ്റ് ഏഴ് പാര്‍ട്ടികള്‍ക്കും യുഎസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘തെഹ്‌രിക് ഇ ആസാദി ഇ കശ്മീരി’ എന്ന സംഘടനയും പട്ടികയിലുണ്ട്. ‘ഭീകര സംഘടനയായ ലഷകറെ ത്വയ്ബയുടെ മറ്റൊരു വകഭേദമാണ് ഹാഫീസിന്റെ എംഎംഎല്‍. ലഷ്‌കറെ ത്വയ്ബയുടെ അതേ പ്രവര്‍ത്തനം തന്നെയാണ് ഈ സംഘടനയും നടപ്പിലാക്കുന്നത്’ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടി എംഎംഎല്ലിനെ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനോടു കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. റജിസ്‌ട്രേഷനു പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ക്ലിയറന്‍സ്’ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതിനു പിന്നാലെയാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഇടപെടല്‍.

എംഎംഎല്ലിന്റെ തലപ്പത്തുള്ള ഏഴു നേതാക്കളെ ‘വിദേശത്തു പ്രവര്‍ത്തിക്കുന്ന ഭീകരരാ’യും ട്രംപ് പ്രഖ്യാപിച്ചു. സൈഫുള്ള ഖാലിദ് (പ്രസിഡന്റ്), മുസമ്മില്‍ ഇഖ്ബാല്‍ ഹാഷിമി(വൈസ് പ്രസിഡന്റ്), മുഹമ്മദ് ഹാരിസ് ദര്‍ (ജോ.സെക്രട്ടറി), താബിഷ് ഖയ്യൂം (ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി), ഫയ്യാസ് അഹമ്മദ് (ജന.സെക്രട്ടറി), ഫൈസല്‍ നദീം (പബ്ലിക്കേഷന്‍സ് ആന്‍ഡ് ബ്രോഡ്കാസ്റ്റ് സെക്രട്ടറി), മുഹമ്മദ് ഇഹ്‌സാന്‍ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെയാണ് യുഎസ് ഭീകരരായി പ്രഖ്യാപിച്ചത്.

Top