സൈനികഡ്രോണ്‍ വെടിവെച്ചിട്ട ഇറാന് അമേരിക്കയുടെ തിരിച്ചടി; സൈബറാക്രമണം !

വാഷിങ്ടണ്‍: സൈനികഡ്രോണ്‍ വെടിവെച്ചിട്ടതിന് പ്രതികാരമായി ഇറാന് ശക്തമായ തിരിച്ചടി നല്‍കിയെന്ന അവകാശ വാദവുമായി അമേരിക്ക രംഗത്ത്. ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനത്തില്‍ യു.എസ്. സൈബറാക്രമണം നടത്തിയായുള്ള റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് യു.എസ്. സൈബര്‍ കമാന്‍ഡിന് ഇതിനായി രഹസ്യനിര്‍ദേശം നല്‍കിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ടുചെയ്തു.റോക്കറ്റും മിസൈലും നിയന്ത്രിക്കാനുള്ള ഇറാന്റെ കംപ്യൂട്ടര്‍ ശൃംഖല തകരാറിലായെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഗള്‍ഫ്‌മേഖലയിലെ കപ്പലുകള്‍ ആക്രമിച്ച ചാരസംഘടനയെയും ഉന്നമിട്ടതായി യാഹൂ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഇറാന്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സൈബര്‍ ആക്രമണം സംഭവിച്ചോയെന്നതില്‍ ഇറാന്റെ ഭാഗത്തു നിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല.

കഴിഞ്ഞദിവസമാണ് ഹോര്‍മുസ് കടലിടുക്കിനു സമീപം അന്തര്‍ദേശീയ വ്യോമമേഖലയില്‍ പറന്ന യു.എസ് ഡ്രോണ്‍ ഇറാനിലെ വിപ്ലവഗാര്‍ഡുകള്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തത്. ഇറാന്‍ മിസൈല്‍ പ്രയോഗിച്ച് ഡ്രോണ്‍ വീഴ്ത്തിയെന്ന് പിന്നാലെ സ്ഥിരീകരണവും എത്തിയിരുന്നു.

ഇറാന്റെ വ്യോമമേഖലയില്‍ കടന്നതിനെത്തുടര്‍ന്നാണ് തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗനില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ആര്‍ക്യു-4 ഗ്ലോബല്‍ ഹ്വാക്ക് ഡ്രോണ്‍ വീഴ്ത്തിയതെന്നാണ് ഇറാനിലെ വിപ്ലവഗാര്‍ഡ് വക്താവ് അറിയിച്ചത്. അമേരിക്കയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിതെന്ന് ജനറല്‍ ഹുസൈന്‍ സലാമിയും വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ ഇറാനുമായി യുദ്ധത്തിന് ഒരുങ്ങിയ അമേരിക്ക പിന്നീട് തീരുമാനം പിന്‍വലിച്ചു. അതിന് ശേഷമാണ് ഇറാനെ സൈബര്‍ യുദ്ധത്തില്‍ വീഴ്ത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

Top