യുഎസ് വാക്‌സിൻ ഇന്ത്യയിൽ ഉടൻ എത്തിക്കണമെന്ന് രാജ കൃഷ്‌ണമൂർത്തി

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിര്‍ണായകമായ ഇടപെടലുകളുമായി ഇന്ത്യന്‍-അമേരിക്കന്‍ സാമാജികന്‍ രാജ കൃഷ്ണമൂര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയുടെ ആസ്ട്രസെനാക്ക വാക്സിനുകള്‍ ഇന്ത്യയിലേക്ക്  എത്രയും പെട്ടെന്ന് എത്തിക്കണമെന്ന  ആവശ്യമാണ് ഇദ്ദേഹം ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡനോടാണ്  ഇദ്ദേഹം ഈ കാര്യം ആവശ്യപ്പെട്ടത്. യുഎസില്‍ കൊവിഡ് വ്യാപനം ചെറുക്കാനായി ആരോഗ്യ സെക്രട്ടറി സേവ്യര്‍ ബെക്ര, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ എന്നിവര്‍ സ്വീകരിച്ച ശ്രമങ്ങളെ പ്രശംസിച്ച അദ്ദേഹം ലോകമെമ്പാടുമുള്ള കൊവിഡ് വ്യാപനത്തെ അഭിമുഖീകരിക്കുന്ന മറ്റുള്ളവരെ സഹായിക്കാനുള്ള അവസരമാണ് ഇപ്പോള്‍ അമേരിക്കക്ക് ലഭിച്ചിരിക്കുന്നതെന്നും പറഞ്ഞു.

2021 ഏപ്രില്‍ 26ന് ഭരണകൂടം 60 ദശലക്ഷം അമേരിക്കന്‍ നിര്‍മ്മിത കൊവിഡ് വാക്സിന്‍ ലോകരാജ്യങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതിനെ കൃഷ്ണമൂര്‍ത്തി അഭിനന്ദിക്കുകയും ചെയ്തു.ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന തൂടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം അതിഭീകരമാണെന്നും ഇന്ത്യയില്‍ മാത്രം മൂന്ന് ദിവസം കൊണ്ട് ഒരു ദശലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിക്കാതെ വാക്സിന്‍ കയറ്റുമതി ആരംഭിക്കില്ലെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി അറിയിച്ചിരുന്നു.അതേസമയം വരാനിരിക്കുന്ന യുഎസ് സ്വാതന്ത്ര്യ ദിനമായ ജൂണ്‍ 5 കൊവിഡ് മുക്ത രാജ്യമായി ആഘോഷിക്കാനുള്ള പ്രതിജ്ഞ എടുത്തിരിക്കുകയാണ് അമേരിക്ക. വാക്സിന്‍ വിതരണം ആരംഭിച്ച് 100 ദിവസം പിന്നിട്ടപ്പോള്‍ അമേരിക്കയില്‍ 200 ദശലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്.

 

Top