റോഹിങ്ക്യന്‍ വംശഹത്യ; ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ നല്‍കണം, യുഎസ് കോടതി

വാഷിങ്ടണ്‍: മ്യാന്‍മറിലെ റോഹിങ്ക്യന്‍ വിരുദ്ധ അക്രമവുമായി ബന്ധപ്പെട്ട രേഖകള്‍ ഫെയ്‌സ്ബുക്ക് പുറത്തുവിടണമെന്ന് അമേരിക്കയിലെ ഒരു ജഡ്ജി ഉത്തരവിട്ടു. ഇപ്പോള്‍ ക്ലോസ് ചെയ്തിരിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്. ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ രാജ്യാന്തര കുറ്റകൃത്യമന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ ജഡ്ജി വിമര്‍ശിച്ചു.

അതേസമയം, ഉപയോക്താക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ യു എസിലെ ഇലക്ട്രോണിക് നിയമം തടസ്സമാണെന്ന് ഫേസ്ബുക്ക് വാദിച്ചു. എന്നാല്‍ ഡിലീറ്റ് ചെയ്ത പോസ്റ്റുകള്‍ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ജഡ്ജി പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്രമങ്ങള്‍ക്ക് തീ കൊളുത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരിപ്പിച്ചതില്‍ ഫെയ്സ്ബുക്കിന് വലിയ പങ്കുണ്ടെന്ന് യു.എന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയ ഉത്തരവ് നിര്‍ണായകമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

ഹേഗിലെ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ മ്യാന്‍മറിനെതിരെയുള്ള കേസിന്റെ ഭാഗമായ് ഗാംബിയ ആണ് രേഖകള്‍ തേടിയത്. വംശഹത്യക്കെതിരായ 1948 ലെ ഐക്യരാഷ്ട്ര സഭ കണ്‍വെന്‍ഷന്‍ മ്യാന്മാര്‍ ലംഘിച്ചതായ് ഗാംബിയ ആരോപിച്ചു. എന്നാല്‍ സായുധ പ്രക്ഷോഭത്തിനെതിരെ പോരാടുകയാണെന്നും വ്യവസ്ഥാപിതമായ അതിക്രമങ്ങള്‍ നടത്തുന്നത് നിഷേധിക്കുന്നുവെന്നുമാണ് മ്യാന്‍മാറിന്റെ നിലപാട്.

7,30,000 ത്തിലധികം റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ ആണ് കൂട്ടക്കൊലയും ബലാത്സംഗവും ഉള്‍പ്പെടെയുള്ള പട്ടാള അതിക്രമങ്ങളെ തുടര്‍ന്ന് മ്യാന്‍മറിലെ പടിഞ്ഞാറന്‍ റാഖൈന്‍ സംസ്ഥാനത്തുനിന്ന് 2017 ഓഗസ്റ്റില്‍ പലായനം ചെയ്തത്.

Top