യു.എസില്‍ കോവിഡ് ഭേദമായ ആള്‍ക്ക് ആശുപത്രി ബില്‍ 11 ലക്ഷം ഡോളര്‍

വാഷിങ്ടണ്‍: യു.എസില്‍ കോവിഡ് ഭേദമായ ആള്‍ക്ക് ലഭിച്ച ആശുപത്രി ബില്‍ 11 ലക്ഷം ഡോളര്‍ (ഏകദേശം 8.35 കോടി രൂപ). മൈക്കേല്‍ ഫ്‌ലോര്‍ എന്ന 70കാരനാണ് ആശുപത്രിയില്‍ നിന്ന് ഇത്രയും തുകയുടെ ബില്ല് ലഭിച്ചത്.

കഴിഞ്ഞ മാര്‍ച്ച് നാലിനാണ് മൈക്കേല്‍ ഫ്‌ലോര്‍ കോവിഡ് ബാധിതനായി ആശുപത്രിയില്‍ അഡ്മിറ്റായത്. 62 ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവന്ന ഫ്‌ലോര്‍ മരണത്തിന്റെ വക്കോളമെത്തിയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
മേയ് അഞ്ചിന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായ ഫ്‌ലോറിന് 181 പേജുള്ള ആശുപത്രി ബില്ലാണ് ലഭിച്ചതെന്ന് സീറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐ.സി.യു ചാര്‍ജായി ദിവസവും 9736 ഡോളര്‍ വീതമാണ് (7.12 ലക്ഷം) ഈടാക്കിയിരിക്കുന്നത്. 29 ദിവസത്തെ വെന്റിലേറ്ററിന് 82,000 ഡോളറും രോഗനിര്‍ണയത്തിന് ഒരു ലക്ഷത്തോളം ഡോളറുമാണ് ഈടാക്കിയിരിക്കുന്നത്.
അതേസമയം, രോഗിക്ക് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആരോഗ്യ പരിരക്ഷ പദ്ധതി ഉണ്ടായിരുന്നിനാല്‍ സ്വന്തം കൈയില്‍ നിന്ന് പണം ചെലവാക്കേണ്ടിവന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് ആരോഗ്യപരിരക്ഷക്ക് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് യു.എസ്. എന്നാല്‍ ചികിത്സയുടെ സാമൂഹികവത്കരണം എന്ന ആവശ്യം ഏറെ അകലെയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്കാണ് ചികിത്സാ ആനുകൂല്യങ്ങള്‍ കൂടുതലും ലഭിക്കുന്നത്.

Top