യു.എസ് കോണ്‍ഗ്രസ് പ്രമേയം വീറ്റോ ചെയ്ത ട്രംപിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനം

വാഷിങ്ടണ്‍: സൗദി അറേബ്യക്ക് നല്‍കുന്ന സൈനിക സഹായം നിര്‍ത്തലാക്കണമെന്ന യു.എസ് കോണ്‍ഗ്രസ് പ്രമേയം വീറ്റോ ചെയ്ത ട്രംപിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനം. യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുക്കേണ്ട പ്രസിഡന്റ് വലിയ അവസരം നഷ്ടപ്പെടുത്തിയെന്നായിരുന്നു യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ വിമര്‍ശനം.

യെമനിലെ ജനങ്ങള്‍ക്ക് ബോംബുകളല്ല സഹായമാണ് വേണ്ടതെന്ന് സെനറ്റ് അംഗം ബെര്‍നീ സാന്‍ഡേര്‍സ് പറഞ്ഞു. വിയോജിപ്പുണ്ടെങ്കിലും ട്രംപിന്റെ നടപടി കണ്ടിട്ട് തനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യമനിലെ ഉപരോധം നീക്കണമെന്ന സന്ദേശമാണ് പ്രമേയം സൗദിക്ക് നല്‍കുന്നതെന്നും അഭിപ്രായമുയര്‍ന്നു. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് അംഗം റോഖന്നയാണ് ഈ വിമര്‍ശനം ഉന്നയിച്ചത്.

ഇന്നലെയാണ് സൈനിക സഹായം നിര്‍ത്തലാക്കണമെന്ന പ്രമേയം ഡൊണാള്‍ഡ് ട്രംപ് വീറ്റോ ചെയ്തത്. യമനിലെ അമേരിക്കന്‍ ഇടപെടല്‍ അവസാനിപ്പിക്കാനുള്ള യു.എസ് നീക്കത്തിന് തിരിച്ചടിയാണ് നടപടി. പ്രമേയം അനാവശ്യമാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. തീരുമാനത്തെ സ്വാഗതം ചെയ്ത് സഖ്യരാജ്യങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Top