ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അമേരിക്ക

ഖാലിസ്താനി അനുയായികൾ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് അമേരിക്ക. ഇത്തരം സംഭവങ്ങൾ തികച്ചും അസ്വീകാര്യമാണ്. കോൺസുലേറ്റിൻ്റെ സുരക്ഷയും നയതന്ത്രജ്ഞരുടെ സംരക്ഷണവും ഉറപ്പ് വരുത്തും. വിഷയത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തുമെന്നും യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി.

ആക്രമണത്തെ അപലപിക്കുന്നു, ഇത്തരം സംഭവങ്ങൾ തികച്ചും അസ്വീകാര്യമാണ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നയതന്ത്ര സുരക്ഷാ സേവനം, പ്രാദേശിക അധികാരികളുമായി പ്രവർത്തിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തും. കൂടാതെ കെട്ടിടത്തിനുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ സംസ്ഥാന വകുപ്പിന്റെയും സഹായം ഉറപ്പുവരുത്തുമെന്നും യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

നേരത്തെ ഖാലിസ്താൻ അനുകൂലികളുടെ ആക്രമണത്തിൽ ഇന്ത്യ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക കരുതൽ വേണമെന്നും നയതന്ത്ര മേഖലയിലെ സുരക്ഷ അമേരിക്കയിൽ നിക്ഷിപ്തമാണെന്നും ഇന്ത്യ അറിയിച്ചു. വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്‌പാൽ സിംഗിന് അനുകൂലമായി മുദ്രാവാക്യങ്ങളും വിളിച്ചെത്തിയ അക്രമികൾ, ഇന്ത്യൻ കോൺസുലേറ്റിന്റെ വാതിലുകളും ജനലുകളും ഖാലിസ്താൻ കൊടികെട്ടിയ ദണ്ഡുപയോഗിച്ച് അടിച്ചുതകർക്കുകയായിരുന്നു. പ്രവേശനം തടയുന്ന ബാരിക്കേഡുകളും അക്രമികൾ തകർത്ത് താഴെയിട്ടു.

ഇന്ത്യൻ കോൺസുലേറ്റ് കെട്ടിടത്തിന്റെ ചുറ്റുമതിലിൽ ‘ഫ്രീ അമൃത്‌പാൽ’ എന്ന് സ്‌പ്രേ പെയിന്റ് ചെയ്‌തു. ഇവർ ആക്രമണത്തിന്റെ വീഡിയോ പകർത്തി ട്വിറ്ററടക്കം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കഴിഞ്ഞ ദിവസം ലണ്ടനിൽ കോൺസുലേറ്റിൽ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖാലിസ്താൻ അനുകൂലികൾ ഇതുപോലെ ആക്രമണം നടത്തിയിരുന്നു. ദേശീയപതാകയോട് അനാദരവ് പ്രകടിപ്പിച്ച ഇവർ ദേശീയ പതാകയ്‌ക്ക് പകരം ഖാലിസ്താൻ പതാകയുയർത്തിയിരുന്നു.

Top