യു.എസ് ഹാസ്യ നടന്‍ പോള്‍ റ്യൂബെന്‍സ് അന്തരിച്ചു

ന്യൂയോര്‍ക്ക്: യു.എസ് ഹാസ്യ നടന്‍ പോള്‍ റ്യൂബെന്‍സ് (70) അന്തരിച്ചു. പീവീ ഹെര്‍മന്‍ എന്ന ഹാസ്യ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് പോള്‍ റ്യൂബെന്‍സ്. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. നടന്‍, കൊമേഡിയന്‍, എഴുത്തുകാരന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം തിളങ്ങിയ റ്യൂബെന്‍സ് 1985ല്‍ ടിം ബര്‍ട്ടന്റെ സംവിധാനത്തില്‍ പുറത്തുവന്ന ‘പീ-വീസ് ബിഗ് അഡ്വഞ്ചര്‍’ എന്ന ചലച്ചിത്രത്തിലൂടെയാണ് പ്രശസ്തനായത്. പിന്നീട് ഈ ചിത്രത്തിലെ കഥാപാത്രത്തെ ‘പീ-വീസ് പ്ലേഹൗസ്’ എന്ന പേരില്‍ ടെലിവിഷന്‍ പരമ്പരയിലൂടെ അവതരിപ്പിച്ചു. 1986 മുതല്‍ 1991 വരെ ഇത് ടെലിവിഷനില്‍ സംപ്രേഷണം ചെയ്തു.

1991ല്‍ ഫ്‌ലോറിഡയിലെ സിനിമ തിയറ്ററില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായത് കരിയറിനെ ബാധിച്ചു. ശേഷം 20 വര്‍ഷത്തോളം ഇന്റര്‍വ്യൂകളില്‍നിന്നും മറ്റും വിട്ടുനില്‍ക്കുകയും ചെറിയ വേഷങ്ങളില്‍ ഒതുങ്ങുകയും ചെയ്തു. 2016ല്‍ ‘പീ-വീസ് ബിഗ് ഹോളിഡേ’ എന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ഇതായിരുന്നു റ്യൂബന്റെ അവസാന വേഷം.

Top