അതിർത്തി ലംഘിച്ച് പ്രവേശിച്ച യുഎസ് പൗരൻ ഉത്തര കൊറിയയിൽ തടവിലെന്ന് യുഎൻ കമാൻഡ്

സിയോൾ : ദക്ഷിണ കൊറിയയിൽനിന്ന് അതിർത്തി ലംഘിച്ച് പ്രവേശിച്ച യുഎസ് പൗരനെ ഉത്തര കൊറിയ തടവിൽ വച്ചിരിക്കുന്നതായി യുഎൻ കമാൻഡ്. യുഎസ് ആർമിയിലെ സൈനികനെയാണ് തടവിൽ വച്ചിരിക്കുന്നതെന്നു സംശയിക്കുന്നതായി വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങൾക്കും ഇടയിലെ അതിർത്തിയായ ജോയിന്റ് സെക്യൂരിറ്റി ഏരിയ (ജെഎസ്എ)യിൽ അതിർത്തി ലംഘിച്ചതിനെത്തുടർന്നാണ് ഇയാളെ തടവിലാക്കിയത്.

ജെഎസ്എ സന്ദർശനത്തിന്റെ ഭാഗമായി ഇവിടെയെത്തിയ ആളാണ് അതിര്‍ത്തി കടന്നത്. സംഭവത്തിൽ ഇടപെടാൻ യുഎൻ കമാൻഡ് ദക്ഷിണ കൊറിയയോട് അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ യുഎസ് പൗരന്മാർ ഉത്തര കൊറിയയിൽ പ്രവേശിക്കരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകിയിരുന്നു. 2015ൽ യുഎസിൽനിന്നുള്ള കോളജ് വിദ്യാർഥി രണ്ട് വർഷത്തോളം തടവിലാക്കപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നിർദേശം.

1950–53ലെ കൊറിയൻ യുദ്ധത്തിനുശേഷം ഇരുരാജ്യങ്ങളുടെയും അതിർത്തിയായ പാൻമുൻജോമിലെ ജെഎസ്എ യുഎൻ കമാൻഡിന്റെ മേല്‍നോട്ടത്തിലാണ്. കോട്ടയുടെ ഇരുഭാഗത്തുമായി രണ്ട് രാജ്യങ്ങളുടെയും സൈനികർ കാവൽ നിൽക്കും. ദക്ഷിണ കൊറിയയിലെത്തുന്ന വിനോദ സഞ്ചാരികള്‍ ഇവിടം സന്ദർശിക്കാറുണ്ട്. 2019ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തിയത് ഇവിടെവച്ചായിരുന്നു.

Top