ചിത്രമെടുത്തെന്ന് ആരോപണം;യുഎസ് പൗരനും കുടുംബത്തിനും നേരെ നടിയുടെ ആക്രമണം

ദുബായ് : ദുബായില്‍ വിനോദസഞ്ചാരത്തിനെത്തിയ അമേരിക്കന്‍ പൗരനെയും കുടുംബത്തെയും ഈജിപ്ഷ്യന്‍ നടി ആക്രമിച്ചതായി പരാതി. ഈജിപ്ഷ്യന്‍ നടി സെയ്‌നയും സഹോദരിയുമാണ്, യുഎസ് പൗരനെയും ഭാര്യയെും 11 വയസ്സുള്ള മകളെയും ആക്രമിച്ചത്. ദുബായിലെ പഞ്ചനക്ഷത്രഹോട്ടലില്‍ കഴിഞ്ഞ ജൂണ്‍ 29 നായിരുന്നു സംഭവം നടന്നത്.

സ്വിമ്മിംഗ് പൂളിനടുത്ത് നീന്തല്‍ വസ്ത്രം ധരിച്ച് നിന്ന നടിയുടെ ചിത്രം പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദിച്ചത്. എന്നാല്‍ നടിയുടെ ചിത്രമല്ല, മകളുടെ ചിത്രമാണ് പകര്‍ത്തിയതെന്നാണ് യുഎസ് യു എസ് പൗരന്‍ ആരോപിച്ചത്. എന്നാല്‍ അനുവാദമില്ലാതെ, തങ്ങളുടെ സ്വകാര്യ ചിത്രം പകര്‍ത്തുകയായിരുന്നു എന്നാണ് നടിയും സഹോദരിയും പറയുന്നു. പകര്‍ത്തിയ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനും നടി ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള വാക്കേറ്റം കയ്യാങ്കളിയിലെത്തുകയായിരുന്നു.

മകളുടെ കയ്യിലെ ഫോണ്‍ നടി തട്ടിപ്പറിച്ചെടുത്ത് താഴെ എറിഞ്ഞെന്നും, നടിയുടെ സഹോദരി മകളെ ശാരീരികമായി ആക്രമിച്ചെന്നും യുഎസ് പൗരനും കുടുംബവും പരാതിപ്പെട്ടു. കുട്ടിയെയും അമ്മയെയും നടിയും സഹോദരിയും മാന്തുകയും കടിക്കുകയും ചെയ്‌തെന്നും ഇവര്‍ പരാതിപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ദുബായ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, നടിയെയും സഹോദരിയെയും, അമേരിക്കന്‍ പൗരനെയും കുടുംബത്തെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കേസെടുത്ത പൊലീസ് കേസന്വേഷണം പൂര്‍ത്തിയാകുന്നതുവരെ രാജ്യം വിട്ട് പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമ സഹായത്തിന് ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ സഹായം യുഎസ് പൗരന്‍ തേടി. അതേസമയം യുഎഇയിലെ നിയമം അനുസരിച്ച്, ഒരാളുടെ അനുവാദമില്ലാതെ അയാളുടെ സ്വകാര്യ ചിത്രങ്ങള്‍ എടുക്കുന്നത് കുറ്റകരമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചിത്രങ്ങള്‍ മായ്ച്ചുകളയണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് നടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പിന്നീട് വിശദീകരിച്ചു. രാജ്യത്തെ നിയമസംവിധാനങ്ങളില്‍ പ്രതീക്ഷ ഉണ്ടെന്നും നടി അഭിപ്രായപ്പെട്ടു.

Top