കാനഡയിലെ കാട്ടുതീ മൂലം ന്യൂയോർക്ക് അടക്കം യുഎസ് നഗരങ്ങൾ കനത്ത പുകയിൽ

ന്യൂയോർക്ക് : കാനഡയിലെ ശക്തമായ കാട്ടുതീ മൂലം ന്യൂയോർക്ക് അടക്കം യുഎസ് നഗരങ്ങൾ കനത്ത പുകയിൽ മുങ്ങി. വായുമലിനീകരണം അപകടകരമായ നിലയിലേക്ക് എത്തിയതോടെ ന്യൂയോർക്കിൽ പുറത്തിറങ്ങുന്നവർ എൻ95 മാസ്ക് ധരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ആളുകൾ കഴിയുന്നത്ര വീടുകളിൽത്തന്നെ കഴിയാൻ ന്യൂജഴ്സി അധികൃതരും നിർദേശിച്ചു. യുഎസ് ഈസ്റ്റ് കോസ്റ്റ് മേഖലയിൽ ന്യൂഹാംഷർ മുതൽ നോർത്ത് കാരലൈന വരെയുള്ള പ്രദേശങ്ങളിൽ പുക വ്യാപിച്ചിട്ടുണ്ട്. ആഴ്ച മുഴുവൻ ഈ സ്ഥിതി തുടരുമെന്നാണു മുന്നറിയിപ്പ്.

കാനഡയിലെ ക്യുബെക് പ്രവിശ്യയിൽ രണ്ടാഴ്ച മുൻപ് തുടങ്ങിയ കാട്ടുതീയാണു 150 സ്ഥലങ്ങളിലേക്കു പടർന്നത്; ഇതിനകം 30 ലക്ഷം ഹെക്ടറിൽ തീ വ്യാപിച്ചു. പ്രവിശ്യയിലെ 15,000 പേരെ ഒഴിപ്പിച്ചു. കാനഡയിലെ ടൊറന്റോയിലും സ്ഥിതി മോശമാണ്.

ന്യൂയോർക്ക് നഗരത്തിലെ ബസുകളിലും ട്രെയിനുകളിലും ഉയർന്ന വായു ശുദ്ധീകരണ സംവിധാനം ഉള്ളതിനാൽ യാത്രയ്ക്കു തടസ്സമില്ല. ചിലയിടങ്ങളിൽ ആഭ്യന്തര വിമാനസർവീസുകൾക്കു നിയന്ത്രണമേർപ്പെടുത്തി. ആകാശമാകെ കനത്ത പുക പടർന്നതോടെ സ്റ്റാച്യൂ ഓഫ് ലിബർട്ടി അടക്കം മറഞ്ഞു. സ്കൂളുകളിൽ പുറത്തുള്ള പ്രവൃത്തികൾ റദ്ദാക്കി. പൊതുസ്ഥലത്തെ വ്യായാമവും ഒഴിവാക്കാൻ നിർദേശമുണ്ട്. ആരോഗ്യപ്രശ്നമുള്ളവർ അധികൃതരുടെ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഭ്യർഥിച്ചു. എൽജിബിടിക്യു പ്ലസ് സമൂഹത്തിനായി ഇന്നലെ വൈറ്റ്ഹൗസ് വളപ്പിൽ നടത്താനിരുന്ന ആഘോഷം നാളത്തേക്കു മാറ്റി.

ബുധനാഴ്ച ന്യൂയോർക്കിലെ വായുമലിനീകരണത്തോത് ലോകത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. മേരിലാൻഡ് മുതൽ ന്യൂഹാംഷർ വരെയുള്ള നഗരങ്ങളിലും പട്ടണങ്ങളിലും രൂക്ഷഗന്ധമുള്ള പുക പടർന്ന് ആകാശം മറച്ചു.

കാനഡയിൽ കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ ഏറ്റവും വ്യാപകമായ കാട്ടുതീയാണിത്. പുക ഗ്രീൻലാൻഡിനും ഐസ്‌ലാൻഡിനും മീതേ വ്യാപിച്ചതോടെ നോർവേയിലേക്കും എത്തിയേക്കുമെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകി. യുഎസിൽനിന്ന് 600 അഗ്നിശമന സേനാംഗങ്ങളെ കാനഡയിലേക്ക് അയച്ചിട്ടുണ്ട്. പ്രസിഡന്റ് ജോ ബൈഡനും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും സ്ഥിതി വിലയിരുത്തി.

Top