ടിക്ടോക്ക്; ബൈറ്റ്ഡാന്‍സിന് അനുവദിച്ചിരുന്ന സമയപരിധി നീട്ടി

വാഷിങ്ടണ്‍: ഇന്ത്യ- ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയ വീഡിയോ മേക്കിങ് ആപ്പായ ടിക് ടോക്കിന്റെ അമേരിക്കയിലെ ആസ്തിയും ബിസിനസും വില്‍ക്കുന്നതിന് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന് അനുവദിച്ചിരുന്ന സമയപരിധി യുഎസ് വിദേശ നിക്ഷേപ സമിതി (സിഎഫ്ഐയുഎസ്) ഒരാഴ്ച കൂടി നീട്ടി. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് സമയപരിധി നീട്ടുന്നത്. നവംബര്‍ 27 വരെയായിരുന്നു അനുവദിച്ച സമയം.

നേരത്തെ നവംബര്‍ 12നകം ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം അമേരിക്കന്‍ കമ്പനിക്ക് കൈമാറാനായിരുന്നു ബൈറ്റ്ഡാന്‍സിനോട് ട്രംപ് ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ സമയപരിധി നീട്ടണമെന്ന ബൈറ്റ്ഡാന്‍സിന്റെ ആവശ്യപ്രകാരം നവംബര്‍ 27ലേക്ക് നീട്ടുകയായിരുന്നു.

ടിക്ടോക്ക് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇത് യുഎസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി ചൈനക്ക് നല്‍കുന്നുവെന്നും ആരോപിച്ചായിരുന്നു മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. പിന്നാലെ അമേരിക്കന്‍ കമ്പനികള്‍ക്ക് ടിക് ടോക് കൈമാറാന്‍ ബൈറ്റ്ഡാന്‍സിന് ട്രംപ് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ വാദം തെറ്റാണെന്നായിരുന്നു ബൈറ്റ്ഡാന്‍സിന്റെ പക്ഷം.

കൂടാതെ കമ്പനിയുമായി ഏതെങ്കിലും ബിസിനസ് ഇടപാടുകള്‍ നടത്തുന്നത് നിയമവിരുദ്ധമാക്കിക്കൊണ്ട് ഓഗസ്റ്റില്‍ മറ്റൊരു എക്‌സിക്യൂട്ടീവ് ഉത്തരവും പുറത്തിറക്കിയിരുന്നു. അമേരിക്കയില്‍ മാത്രം ടിക് ടോക്കിന് 100 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. സമയപരിധി അടുക്കുന്തോറും എന്ത് പ്രത്യാഘാതങ്ങളായിരിക്കും ടിക് ടോക്കിനുണ്ടാകുക എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. സമയപരിധി കഴിഞ്ഞാല്‍ ടിക് ടോക് നിരോധിക്കുമെന്ന് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറഞ്ഞിട്ടില്ല.

Top