ട്രംപ് എത്തും മുന്‍പ്‌ കൊറിയന്‍ പെനിന്‍സുലയില്‍ പറന്നുയര്‍ന്ന്‌ യുഎസ് ബോംബറുകള്‍

White House

സോള്‍: ഡോണാള്‍ഡ് ട്രംപിന്റെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി കൊറിയന്‍ ഉപഭൂഖണ്ഡത്തിനുമേല്‍ (കൊറിയന്‍ പെനിന്‍സുല) രണ്ട് യുഎസ് ബി–1ബി ബോംബര്‍ വിമാനങ്ങള്‍ പറന്നു.

ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും പോര്‍വിമാനങ്ങളും യുഎസ് വിമാനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നു യുഎസ് പസഫിക് എയര്‍ ഫോഴ്‌സിന്റെ (പിഎസിഎഎഫ്) വാര്‍ത്താക്കുറിപ്പ് ഉദ്ധരിച്ച് എഫെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പസഫിക് സമുദ്രത്തിലെ ഗുവാം ദ്വീപിലുള്ള ആന്‍ഡേഴ്‌സണ്‍ എയര്‍ഫോഴ്‌സ് ബേസില്‍ നിന്നു പറന്നുയര്‍ന്ന ബോംബര്‍ വിമാനങ്ങള്‍ കൊറിയയുടെ തെക്കും ജപ്പാന്റെ പടിഞ്ഞാറുമായി സൈനിക പ്രകടനം നടത്തി.

പിന്നീടു കൊറിയയുടെ വ്യോമാതിര്‍ത്തിയില്‍ മഞ്ഞക്കടല്‍ മേഖലയില്‍ കൊറിയന്‍ പോര്‍ വിമാനങ്ങളുമായി പരിശീലനം നടത്തി തിരികെയെത്തിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഉപഭൂഖണ്ഡത്തിനു സമീപം ബോംബര്‍ വിമാനങ്ങള്‍ പറന്നതിനെ ഉത്തര കൊറിയ വിമര്‍ശിച്ചു.

ഈ മാസം അഞ്ചു മുതല്‍ 14 വരെ ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്നത്.

അതേസമയം, ഗുണ്ടാസംഘങ്ങളെപ്പോലെ പെരുമാറുന്ന യുഎസ്, ആണവ ശക്തിയായ ഉത്തര കൊറിയയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ അറിയിച്ചു.

ആണവ യുദ്ധമുണ്ടാക്കാന്‍ യുഎസ് പ്രകോപനം സൃഷ്ടിക്കുകയാണെന്നും കെസിഎന്‍എ കുറ്റപ്പെടുത്തി.

Top