യുഎസിലെ ബോട്ട് ദുരന്തത്തില്‍ ഒരു കുടുംബത്തിലെ 9പേര്‍ മരിച്ചു

മിസോറി: മിസ്സോറി ബ്രാണ്‍സണിലുണ്ടായ ബോട്ട് റൈഡില്‍ കൊല്ലപ്പെട്ട 17 പേരില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ ഉള്‍പ്പെട്ടതായി അധികൃതര്‍ വെളിപ്പെടുത്തി. ഇരുപത്തി ഒമ്പതുയാത്രക്കാരും രണ്ട് ബോട്ട് ജീവനക്കാരുമായി പുറപ്പെട്ട ബോട്ട് 75 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റില്‍ ആടിയുലഞ്ഞു മറിയുകയായിരുന്നു.

ഒരു കുടുംബത്തിലെ 11 പേരില്‍ 9 പേരും ,ബോട്ട് ജീവനക്കാരില്‍ ഒരാളും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. ഒരു വയസ്സ് മുതല്‍ 70 വയസ് വരെയുള്ളവരാണ് മരിച്ചവരില്‍ ഉള്‍പ്പെടുന്നത്. ബോട്ടില്‍ കയറുമ്പോള്‍ ലൈഫ് ജാക്കറ്റ് ധരിക്കേണ്ട ആവശ്യം ഇല്ല എന്നാണ് ക്യാപ്റ്റന്‍ പറഞ്ഞതെന്ന് കോള്‍മാന്‍ കുടുംബത്തിലെ രക്ഷപ്പെട്ട വ്യക്തി പറഞ്ഞു.

മരിച്ച എല്ലാവരുടെയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ചയോടെ കണ്ടെടുത്തു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതായും രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തതായും കോക്കസ് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു. കോസ്റ്റ് ഗാര്‍ഡും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top