പെഗാസസ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

ദില്ലി: പെഗാസസ് നിര്‍മ്മാതാക്കളായ എന്‍എസ്ഒയെ കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക. കമ്പനിയുമായി വ്യാപാരബന്ധം പാടില്ലെന്നാണ് അമേരിക്കയുടെ നിര്‍ദ്ദേശം. തീരുമാനം നിരാശാജനകമെന്ന് എന്‍എസ്ഒ അറിയിച്ചു. അമേരിക്കയുടെ വാണിജ്യ വിഭാഗമാണ് എന്‍.എസ്.ഒ, കാണ്ടിരു തൂങ്ങിയ ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയര്‍ കമ്പനികളെ വ്യാപാര കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ ചാരവൃത്തി നടത്താന്‍ വിദേശ സര്‍ക്കാരുകള്‍ക്ക് സോഫ്റ്റ്‌വെയര്‍ വില്പന നടത്തിയെന്ന് ആരോപിച്ചാണ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. റഷ്യയിലെ പോസിറ്റീവ് ടെക്‌നോളജീസ്, സിംഗപ്പൂരിലെ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി ഇനിഷ്യേറ്റിവ് എന്നീ കമ്പനികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകത്താകമാനം 40 രാജ്യങ്ങളില്‍ 60 ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ് എന്‍എസ്ഒ പറയുന്നത്. ഇതില്‍ എല്ലാം സര്‍ക്കാര്‍ ഏജന്‍സികള്‍, സൈനിക സംവിധാനങ്ങള്‍, നിയമപാലക വിഭാഗങ്ങള്‍ എന്നിവയാണ് എന്നാണ് എന്‍എസ്ഒ പറയുന്നത്.

സെല്‍ ഫോണുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ വേണ്ടി ലോകത്തിലെ പല ഏജന്‍സികളും ആശ്രയിക്കുന്ന ഏറ്റവും മികച്ച സോഫ്റ്റ്‌വെയറുകളില്‍ ഒന്നാണ് പെഗാസസ്. ഫോണില്‍ കടന്നു കയറി വേണ്ട വിവരങ്ങള്‍ ചോര്‍ത്തി മടങ്ങിയാലും പിന്നില്‍ അങ്ങനെ ചെയ്തതിന്റെ തെളിവുകള്‍ ഒന്നും തന്നെ അവശേഷിപ്പിക്കില്ലെന്നതാണ് പെഗാസസിന്റെ പ്രത്യേകത.

Top