‘പഥേര്‍ പാഞ്ചാലി’ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്റെ ഏതാനും രംഗങ്ങള്‍ ഇതാ കളറില്‍

ലോക സിനിമകളില്‍ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നാണ് സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലി. ഇപ്പോഴിതാ ഈ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്റെ ഏതാനും രംഗങ്ങള്‍ക്ക് നിറം നല്‍കി ഫോര്‍ കെ ദൃശ്യമികവോടെ പുറത്തിറങ്ങി. 2018 മുതല്‍ യു.എസിലെ മേരിലാന്‍ഡ് സര്‍വകലാശാലയില്‍ പ്രഫസറായി ജോലി ചെയ്യുന്ന അനികേത് ബെറയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് രണ്ട് മിനുട്ട് 14 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് നിറം നല്‍കിയത്. തികച്ചും അക്കാദമിക പരീക്ഷണം മാത്രമാണിതെന്നും സത്യജിത് റേയുടെ ചിത്രത്തോടുള്ള ഇഷ്ടമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും അനികേത് ബെറ പറഞ്ഞു.

ഒരുപാട് യു.എസ് പ്രഫസര്‍മാരും ഗവേഷകരും പഴയ കാല ദൃശ്യങ്ങള്‍ വെച്ച് ഇത്തരം പരീക്ഷണങ്ങള്‍ നടത്താറുണ്ട്. എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിലതില്‍ അങ്ങനെയൊന്ന് ചെയ്തുനോക്കണമെന്ന് തനിക്കാഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://www.youtube.com/watch?v=WwwzVSNbg9E&feature=emb_logo

അപുവിനേയും ദുര്‍ഗയേയും പിഷിയേയുമെല്ലാം ബ്ലാക് ആന്‍ഡ് വൈറ്റില്‍ കണ്ട് ശീലിച്ച സിനിമാ പ്രേക്ഷകര്‍ക്ക് കളറില്‍ പുറത്തു വന്ന ദൃശ്യങ്ങള്‍ കൗതുകപൂര്‍ണമായ കാഴ്ചാനുഭവമാണ് നല്‍കുന്നത്. ദുര്‍ഗ എന്ന 14 വയസ്സുകാരിയുടെയും സഹോദരന്‍ അപുവിന്റെയും ജീവിതമാണ് പഥേര്‍ പാഞ്ചാലിയിലൂടെ സത്യജിത് റേ അവതരിപ്പിച്ചിരിക്കുന്നത്.

Top