ഇറാഖിലെ മൂന്നു കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം

ബാഗ്ദാദ്: ഇറാഖിലെ മൂന്നു കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇര്‍ബില്‍ എയര്‍ബേസിലും സിറിയയിലും നടന്ന ആക്രമണ പരമ്പരകള്‍ക്ക് മറുപടിയായാണ് നടപടിയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പറഞ്ഞു.

ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.സിവിലിയന്മാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖ് അധികൃതര്‍ പറഞ്ഞു.നേരത്തേ ഇര്‍ബിലില്‍ യു.എസ് എയര്‍ബേസില്‍ ഇറാന്‍ അനുകൂല സംഘങ്ങള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു യു.എസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. യു.എസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം, യു.എസ് ആക്രമണത്തെ ഇറാഖ് അപലപിച്ചു. ഗസ്സയില്‍ യു.എസ് പിന്തുണയോടെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതു മുതല്‍ ഇറാഖിലെ അമേരിക്കന്‍ സൈനികരെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇറാഖില്‍ 2500ഓളവും സിറിയയില്‍ 900വും അമേരിക്കന്‍ സൈനിക ട്രൂപ്പുകളാണുള്ളത്.

Top