കൊലപാതകം മറയ്ക്കാന്‍ ഒരു സംസ്ഥാനം മുഴുവൻ തീയിട്ടു; പ്രതി പിടിയില്‍

കാലിഫോര്‍ണിയ: അമേരിക്കയില്‍ അടുത്തിടെ ഉണ്ടായ കാട്ടുതീ മനുഷ്യ നിര്‍മ്മിതമാണെന്ന്‌ കണ്ടെത്തൽ. 2020ൽ നോര്‍ത്തേൺ കാലിഫോര്‍ണിയയിലെ കാട്ടുതീയാണ് മറ്റൊന്ന് മറച്ചുവയ്ക്കാൻ ചെയ്തതാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഒരു സ്ത്രീയുടെ കൊലപാതകം മറച്ച് വയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ കാട്ടുതീ പടര്‍ത്തിയത്. കാട്ടുതീയിൽ വലിയ നാശനഷ്ടമാണ് അമേരിക്കക്ക്‌ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ്‌ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സംഭവത്തിൽ വിക്ടര്‍ സെറിറ്റെനോ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാലിഫോർണിയയിലെ വാകവില്ലെ എന്ന സ്ഥലത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രിസ്‌കില്ല കാസ്‌ട്രോയെന്ന 32 കാരിയേയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. തീപിടുത്തം നടന്ന അതേ പ്രദേശത്താണ് പൊള്ളലേറ്റ മൃതദേഹം കണ്ടെത്തിയത്. കൃത്യത്തിന് ഒരു മാസത്തിനു ശേഷമാണ് ഇയാളുടെ അറസ്റ്റുണ്ടായിരിക്കുന്നത്.

ഓഗസ്റ്റ് 16നാണ് സംഭവം ആരംഭിക്കുന്നത്. വിക്ടറുമായി ഒരു ഡേറ്റിങ്ങിന് വേണ്ടിയാണ് പ്രിസ്‌കില്ല കാസ്‌ട്രോ എത്തിയത്. പിന്നീട്, അവരെ ആരും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം കാസ്ട്രോയുടെ കാര്‍ ഉപേക്ഷിക്കപപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.കാസ്ട്രോയുടെ ലൊക്കേഷൻ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണ സംഘം ഫോൺ റെക്കോർഡുകളും മറ്റു വിവരങ്ങളും നടത്തിയ തെരച്ചിലിൽ സെപ്റ്റംബര്‍ രണ്ടിന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു.

കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും ശക്തമായ കാട്ടുതീയാണ് മാര്‍ക്ലി ഫയര്‍. ഇത് പിന്നീട് ഹെൻസ്സെ കാട്ടുതീയുമായി ലയിക്കുകയും എൽഎൻയു ലൈറ്റിനിങ് കോംപ്ലക്സ് കാട്ടുതീയായി മാറുകയായിരുന്നു. ഇതിൽ ആറ് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അതിന് പുറമെ, 3.63 ലക്ഷം ഏക്കര്‍ ഭൂമി നശിക്കുകയും സോനോമ, തടാകം, നാപ്പ, യോലോ, സൊളാനോ കൗണ്ടികളിലെ 1,500 ഓളം കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്തു.

 

Top