യുഎസ് സേന കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടി നിര്‍ജ്ജലീകരണം മൂലം മരിച്ചു

മെക്‌സികോ: യു.എസ് കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടി നിര്‍ജ്ജലീകരണം മൂലം മരിച്ചു. യുഎസ് അതിര്‍ത്തി രക്ഷാസേന കസ്റ്റഡിയില്‍ എടുത്ത ഏഴുവയസ്സുകാരിയാണ് നിര്‍ജ്ജലീകരണം മൂലം മരിച്ചത്. യുഎസിലേക്ക് കടന്ന് കയറാന്‍ ശ്രമിക്കവെ ഡിസംബര്‍ ആറിനാണ് കുട്ടിയും പിതാവും അറസ്റ്റിലായത്. ഗ്വാട്ടമാലയില്‍ നിന്ന് മെക്‌സികോ അതിര്‍ത്തി വഴി യു.എസിലേക്ക് കടക്കുകയായിരുന്നു ഇവര്‍.

യുഎസ് സേന കസ്റ്റഡിയിലെടുത്ത് എട്ടു മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടി മരിച്ചുവെന്നാണ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. മെക്‌സികോയിലേക്ക് പ്രവേശനമാവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ സമീപിച്ച 163 പേരുടെ സംഘത്തിലുള്ളവരാണ് ഇവര്‍. ഡിസംബര്‍ ഏഴിന് രാവിലെയോടുകൂടി കുട്ടി അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. ശരീര താപനില വര്‍ധിച്ചു. ഹെലികോപ്ടര്‍ വഴി ടെക്‌സസിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ ഉദ്യോഗസ്ഥരും കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരും റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ തയാറായില്ല. കുട്ടിയുടെയും പിതാവിന്റെയും പേര് പുറത്തു വിട്ടിട്ടില്ല. കുടിയേറ്റക്കാരെ തടയാന്‍ 5000ത്തിലേറെ സൈനികരെയാണ് ട്രംപ് ഭരണകൂടം മെക്‌സികോ അതിര്‍ത്തിയില്‍ വിന്യസിച്ചത്.

Top