യു.എസ് സൈന്യത്തെ പിന്‍വലിക്കാന്‍ സമയം നീട്ടി നല്‍കി ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: യു.എസ് സൈന്യത്തെ പിന്‍വലിക്കാന്‍ സമയം നീട്ടി നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ നാല് മാസത്തെ സമയമാണ് ട്രംപ് അനുവദിച്ചിരിക്കുന്നത്. നേരത്തെ ഉടനടി സൈന്യത്തെ പിന്‍വലിക്കണമെന്നായിരുന്നു ട്രംപിന്റെ ഉത്തരവ്. അതില്‍ നിന്നും മാറി ഇപ്പോള്‍ നാല് മാസത്തെ സമയം അനുവദിച്ചിരിക്കുകയാണ്.

ഡിസംബര്‍ 19നാണ് സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ ഉത്തരവ് പുറത്ത് വന്നത്. നടപടികള്‍ യു.എസ് പൂര്‍ത്തിയാക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. 30 ദിവസത്തിനകം സൈന്യത്തിന്റെ പിന്‍മാറ്റം പൂര്‍ത്തിയാക്കുമെന്നായിരുന്നു ട്രംപ് അന്ന് അറിയിച്ചിരുന്നത്.

എന്നാല്‍, 2000ത്തോളം വരുന്ന യു.എസ് സൈന്യത്തെ പിന്‍വലിക്കാന്‍ നാല് മാസത്തെ സമയം ട്രംപ് അനുവദിച്ചിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഐ.എസിന്റെ പരാജയം പൂര്‍ത്തിയായെന്നും ഇനി സിറിയയില്‍ സൈന്യത്തിന്റെ ആവശ്യമില്ലെന്നുമാണ് ട്രംപിന്റെ നിലപാട്.

Top