യുഎസ് സേനയുടെ ഡ്രോണ്‍ തകര്‍ത്ത സംഭവം; ഇറാന് പിഴവ് സംഭവിച്ചുവെന്ന് ട്രംപ്

ടെഹ്‌റാന്‍: അമേരിക്കന്‍ സൈന്യത്തിന്റെ നിരീക്ഷണ ഡ്രോണ്‍ വെടിവെച്ചിട്ട സംഭവത്തില്‍ ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ഭാഗത്ത് നിന്നും വലിയ പിഴവാണ് ഉണ്ടായിരിക്കുന്നതെന്നും എന്നാല്‍ ഇത് കരുതിക്കൂട്ടി ചെയ്തതാണെന്ന് തനിക്ക് വിശ്വസിക്കാന്‍ പ്രയാസമാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇറാനെതിരെ ട്രംപ് വിമര്‍ശനം ഉന്നയിച്ചത്.

രാജ്യാന്തര സമുദ്രാതിര്‍ത്തിക്കുള്ളിലൂടെയാണ് ഡ്രോണ്‍ പറന്നതെന്നും ഇറാന്റെ വ്യോമമേഖലയില്‍ കടന്നിട്ടില്ലെന്നും ട്രംപ് അറിയിച്ചു. ഇറാന്‍ പിഴവ് വരുത്തിയിരിക്കാം. എന്നാല്‍ താന്‍ വിശ്വസിക്കുന്നത് ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ട് ഡ്രോണ്‍ വെടിവച്ചിട്ടതാകാമെന്നാണ് ട്രംപ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിനു സമീപം അന്തര്‍ദേശീയ വ്യോമമേഖലയില്‍ പറന്ന ഡ്രോണാണ് ഇറാനിലെ വിപ്ലവഗാര്‍ഡുകള്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തത്. ഇറാന്‍ മിസൈല്‍ പ്രയോഗിച്ച് ഡ്രോണ്‍ വീഴ്ത്തിയെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു.

ഇറാന്റെ വ്യോമമേഖലയില്‍ കടന്നതിനെത്തുടര്‍ന്നാണ് തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗനില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ആര്‍ക്യു-4 ഗ്ലോബല്‍ ഹ്വാക്ക് ഡ്രോണ്‍ വീഴ്ത്തിയതെന്ന് ഇറാനിലെ വിപ്ലവഗാര്‍ഡ് വക്താവ് അറിയിച്ചു. അമേരിക്കയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിതെന്ന് ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു.ഒരു
രാജ്യവുമായും യുദ്ധത്തിന് ഇറാനു താത്പര്യമില്ല. എന്നാല്‍ തങ്ങള്‍ യുദ്ധത്തിനു സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top