ആളില്ലാ യുദ്ധവിമാനം ഇന്ത്യയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ച് അമേരിക്ക…

വാഷിങ്ടണ്‍: അത്യാധുനിക പ്രതിരോധ ഉപകരണമായ ആളില്ലാ യുദ്ധവിമാനം ഇന്ത്യയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ച് ട്രംപ് ഭരണകൂടം. ഇന്ത്യയ്ക്ക് മിസൈല്‍ പ്രതിരോധ കവചം ഉള്‍പ്പെടെയുള്ള അത്യാധുനിക സൈനിക സാങ്കേതികവിദ്യകള്‍ കൈമാറാന്‍ സന്നദ്ധമാണെന്ന് യു.എസ് അറിയിച്ചിട്ടുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 250 കോടി ഡോളറിനാണ് വിമാനം വാങ്ങാന്‍ കരാറായിരിക്കുന്നതെന്നാണ് വിവരം. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണെന്നുമാണ് യുഎസ് നിലപാട്. വളരെനാള്‍ മുമ്പേഇത് വാങ്ങാന്‍ ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതാണ്. എന്നാല്‍ ഇതിനോട് അനുകൂലമായി യുഎസ് പ്രതികരിച്ചിരുന്നില്ല.എന്നാല്‍ റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ സംവിധാനം വാങ്ങുന്നതില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ വാഗ്ദാനമെന്നാണ് സൂചന. എസ്-400 ന് പകരം തങ്ങളുടെ ‘ഥാഡ്’ (ടെര്‍മിനല്‍ ഹൈ ഓള്‍ട്ടിട്യൂഡ് ഏരിയ ഡിഫന്‍സ് സിസ്റ്റം) മിസൈല്‍ സംവിധാനം നല്‍കാമെന്നും യുഎസ് ഇന്ത്യയെ അറിയിച്ചിരുന്നു.

അതേസമയം നിലവില്‍ റഷ്യയുമായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നതിനാല്‍ യുഎസ് വാഗ്ദാനം ഇന്ത്യ മുഖവിലയ്ക്കെടുത്തിരുന്നില്ല. ഇതോടെയാണ് ആക്രമണത്തിന് ഉപയോഗിക്കാവുന്ന ഡ്രോണുകള്‍ നല്‍കാമെന്ന വാഗ്ദാനം യുഎസ് മുന്നോട്ടുവെച്ചത്. ഇതേപ്പറ്റി ഇന്ത്യ പഠിച്ച് വരികയാണ്.

2017 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന അത്യാധുനിക ഗാര്‍ഡിയന്‍ ഡ്രോണ്‍ ഇന്ത്യയ്ക്ക് നല്‍കാമെന്ന് യു.എസ് സമ്മതിച്ചിരുന്നു. യുഎസ് പ്രതിരോധ കമ്പനിയായ ജനറല്‍ അറ്റോമിക്സാണ് ഗാര്‍ഡിയന്‍ ഡ്രോണുകള്‍ നിര്‍മിക്കുന്നത്. തിരഞ്ഞെടുപ്പ്‌നടക്കുന്ന സമയമായതിനാല്‍ ഡ്രോണുകള്‍ വാങ്ങാനുള്ള നടപടികള്‍ നീണ്ടുപോവുകയായിരുന്നു.

Top