ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായേക്കാമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍

ന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായേക്കാമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ എറിക് ഗാര്‍സെട്ടി പറഞ്ഞതായി റിപ്പോര്‍ട്ട്. പൊളിറ്റിക്കോയില്‍ വന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായേക്കാമെന്ന് എറിക് തന്റെ ടീമിനോട് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. കാനഡയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വന്നതിന് പിന്നാലെയാണ് പ്രസ്താവന.

അനിശ്ചിതകാലത്തേക്ക് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരുമെന്ന് അദ്ദേഹം പറഞ്ഞതായി പേര് വെളിപ്പെടുത്താത്ത ഒരു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ്ങ് നിജ്ജാറിനെ ജൂണില്‍ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുകള്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. കൂടാതെ സമഗ്രമായ അന്വേഷണത്തിനു അമേരിക്ക ആഹ്വാനം ചെയ്തിരുന്നു.

അതേസമയം, കൂടുതല്‍ കനേഡിയന്‍ നയതന്ത്ര പ്രതിനിധികളെ ഒരാഴ്ചയ്ക്കകം പിന്‍വലിക്കണമെന്ന് ഇന്ത്യ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഇതിനായി ഒക്ടോബര്‍ 10 വരെയാണ് കാനഡയ്ക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി. കാനഡയുടെ 62 നയതന്ത്ര പ്രതിനിധികളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. എന്നാല്‍ പ്രതിനിധികളുടെ എണ്ണം 41 ആയി കുറയ്ക്കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

Top