US abstains as UN demands end to Israeli settlements

യുഎന്‍ : യുഎസിലെ രാഷ്ട്രീയ സാഹചര്യം മാറിയ പശ്ചാത്തലത്തില്‍ പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് രക്ഷാസമിതിയില്‍ എത്തിയ നിര്‍ണായക പ്രമേയത്തിന്റെ ചര്‍ച്ചയില്‍ ഇസ്രയേലിനു തിരിച്ചടി.

വീറ്റോ അധികാരം ഉപയോഗിച്ച് യുഎസ് രക്ഷയ്‌ക്കെത്തുമെന്ന ഇസ്രയേലിന്റെ പ്രതീക്ഷ രക്ഷാസമിതിയില്‍ തെറ്റിയതോടെയാണിത്.

കിഴക്കന്‍ ജറുസലേമിലെ പലസ്തീന്‍ മേഖലയില്‍ ഇസ്രയേല്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രമേയം.

15 അംഗ രക്ഷാസമിതിയിലെ 14 രാജ്യങ്ങള്‍ ഇസ്രയേല്‍ നടപടിക്കെതിരെ വോട്ടു ചെയ്തപ്പോള്‍ യുഎസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

മലേഷ്യ, ന്യൂസീലന്‍ഡ്, സെനഗല്‍, വെനസ്വേല എന്നീ രാജ്യങ്ങളാണ് പ്രമേയവുമായി രംഗത്തു വന്നത്. നിയമപരമായി ഇത്തരം നിര്‍മാണങ്ങള്‍ക്ക് ഇനി സാധുതയില്ലെന്നും കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുളള പ്രദേശത്ത് ഇസ്രയേല്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രമേയം വ്യക്തമാക്കുന്നു.

നേരത്തെ ഈജിപ്ത് തയ്യാറാക്കിയ സമാനമായ പ്രമേയം അവതരിപ്പിക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇസ്രയേലിനായെങ്കിലും നാലു രാജ്യങ്ങള്‍ പുതുതായി അവതരിപ്പിച്ച പ്രമേയം യുഎസിന്റെ നിഷ്പക്ഷ നിലപാടിനിടെ പാസാകുകയായിരുന്നു.

ജറുസലേമിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരായ പ്രമേയത്തിന് അനുകൂലമായി യുഎന്‍ രക്ഷാസമിതിയിലെ 14 അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ വോട്ടു ചെയ്യുന്നു.

അതേസമയം, വോട്ടെടുപ്പ് അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി.

വോട്ടെടുപ്പിനെക്കുറിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റും ഇതിനിടെ ചര്‍ച്ചയായി. ജനുവരി ഇരുപതിനു ശേഷം യുഎന്നിലുള്‍പ്പെടെ മാറ്റം പ്രകടമാകുമെന്നായിരുന്നു നിലവിലെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കെതിരെ ഒളിയമ്പെയ്തുളള ഈ ട്വീറ്റ്.

ജനുവരി ഇരുപതിനാണ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുക. ഇസ്രയേല്‍ – പലസ്തീന്‍ പ്രശ്‌നം ഇരുവരും തമ്മിലാണ് തീര്‍ക്കേണ്ടതെന്നും അതില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ടെന്നുമുള്ള ശക്തമായ നിലപാടും ട്രംപ് വ്യക്തമാക്കി.

ഇസ്രയേല്‍-പലസ്തീന്‍ സമാധാനശ്രമങ്ങള്‍ക്കു പ്രധാന തിരിച്ചടിയായാണ് മേഖലയില്‍ ഇസ്രയേല്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

1967 ലെ ഇസ്രയേല്‍ അധിനിവേശത്തിനു ശേഷം നിര്‍മിച്ച ഇത്തരം 140 താമസകേന്ദ്രങ്ങളില്‍ അഞ്ചു ലക്ഷം ജൂതന്മാര്‍ താമസിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രയേലിന്റെ നടപടി നിയമവിരുദ്ധമാണെന്ന് രാജ്യാന്തര സമൂഹം ആവര്‍ത്തിക്കുമ്പോഴും അതിനെതിരായ നിലപാടിലാണ് ഇസ്രയേല്‍ മുന്നോട്ടു പോകുന്നത്.

1967ലെ ആറ് ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ജൂത ഭവനങ്ങള്‍ പണിയാനുള്ള നീക്കത്തില്‍നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്ന് 2009 ല്‍ ഒബാമ പറഞ്ഞെങ്കിലും പിന്നീട് അദ്ദേഹം ഈ നിലപാടില്‍നിന്നു പിന്നാക്കം പോയിരുന്നു. അമേരിക്കയിലെ അതിശക്തമായ ഇസ്രയേല്‍ ലോബിയുടെ സമ്മര്‍ദം കാരണം നെതന്യാഹുവിനെ തള്ളിപ്പറയാന്‍ ഒബാമയ്ക്ക് ധൈര്യമില്ലാതായി എന്നു പറയുന്നതിലും തെറ്റില്ല.

ഒബാമ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യത്തെ വീറ്റോ പോലും ഇത്തരത്തില്‍ ഇസ്രയേലിന് അനുകൂലമായി. ഇസ്രയേലിന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കു വഴങ്ങിയ ഒബാമ പ്രസിഡന്റ് പദവിയില്‍ തന്റെ അവസാന നാളുകളില്‍ മുന്‍നിലപാടിലേക്കു ദുര്‍ബലമായെങ്കിലും മടങ്ങുന്ന കാഴ്ചയാണ് രക്ഷാസമിതിയിലെ യുഎസ് നിലപാടില്‍ പ്രതിഫലിച്ചത്.

1967ലെ യുദ്ധത്തില്‍ ഇസയേല്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ജൂത പാര്‍പ്പിടകേന്ദ്രങ്ങള്‍ അനുവദിക്കാനാവില്ലെന്നാണ് പലസ്തീന്‍ നിലപാട്.

കാരണം ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കേണ്ടത്. യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചടക്കിയ അറബ് പ്രദേശങ്ങളില്‍ പലസ്തീന്‍കാരുടെ സ്വതന്ത്രരാഷ്ട്രം സ്ഥാപിതമാകണമെന്നത് ലോകം പൊതുവില്‍ അംഗീകരിച്ചിട്ടുള്ള കാര്യമാണ്. അമേരിക്ക പോലും ഇതിനെ തത്വത്തില്‍ പിന്തുണയ്ക്കുന്നുണ്ട്.

എന്നാല്‍ ആ പ്രദേശങ്ങളില്‍ ഇസ്രയേല്‍ സ്വന്തം പൗരന്മാരെ കുടിയിരുത്തുകയും അവര്‍ക്കുവേണ്ടി പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് ഇതിനു തടസ്സമായി നില്‍ക്കുന്നു. ഇതു കാരണമാണു മുന്‍പ് പലപ്പോഴും പലസ്തീന്‍ അതോറിറ്റിയും ഇസ്രയേലും തമ്മിലുള്ള ചര്‍ച്ചകള്‍ സ്തംഭിച്ചതും.

രക്ഷാസമിതി വോട്ടെടുപ്പിലെ അനുകൂലനിലപാട് പലസ്തീന്‍ ജനതയ്ക്ക് അല്‍പം ആശ്വാസം പകരുമെങ്കിലും നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിലപാട് ഈ വിഷയത്തില്‍ ഇസ്രയേലിന്റെ തിരിച്ചുവരവിന് സഹായകരമാകുമെന്നു തന്നെയാണ് സൂചന.

Top